ജിദ്ദ: സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനുമായി സിംഗപ്പൂരിലെ പ്രമുഖ ആഗോള കമ്പനിയായ 'സുര്‍ബാന ജുറോങ്' ഗ്രൂപ്പുമായി ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി തന്ത്രപരമായ ചര്‍ച്ചകള്‍ നടത്തി. ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ മാസിന്‍ ബിന്‍ മുഹമ്മദ് ജൊഹറും, സുര്‍ബാന ജുറോങ് ഗ്രൂപ്പ് സി.ഇ.ഒ സീന്‍ ചിയാവോയും തമ്മിലാണ് ഉഭയകക്ഷി പങ്കാളിത്തം വിപുലീകരിക്കുന്നതിനുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയത്.
വന്‍കിട പദ്ധതികളുടെ നടത്തിപ്പിലും മാനേജ്മെന്റിലും സിംഗപ്പൂര്‍ ഗ്രൂപ്പിനുള്ള അന്താരാഷ്ട്ര വൈദഗ്ധ്യം പ്രയോജനപ്പെടുത്തി വിമാനത്താവളത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ജിദ്ദ എയര്‍പോര്‍ട്ട്‌സ് ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 90 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തെ പ്രാപ്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ജിദ്ദയെ ലോകത്തിലെ 150 ആഗോള ലക്ഷ്യസ്ഥാനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുക, എയര്‍ കാര്‍ഗോ ശേഷി 2.5 ദശലക്ഷം ടണ്ണായി ഉയര്‍ത്തുക, 15 ദശലക്ഷം ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.
Related News