ജിദ്ദ: പ്രഥമ റെഡ് സീ യാട്ട് ഷോ ജിദ്ദ യാട്ട് ക്ലബ് ആന്‍ഡ് മറീനയില്‍ ഒക്ടോബര്‍ 14 മുതല്‍ 17 വരെ നടക്കും. ഏകദേശം 50 യാട്ടുകളും 150 പ്രദര്‍ശകരും ആയിരക്കണക്കിന് സന്ദര്‍ശകരും പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. 3 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന പുതിയതും ഉപയോഗിച്ചതുമായ സൂപ്പര്‍ യാട്ടുകള്‍, സപ്പോര്‍ട്ട് വെസലുകള്‍, ഡേ ക്രൂയിസറുകള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കും.
യാട്ട് വില്‍പ്പന, ചാര്‍ട്ടറിംഗ്, ടൂറിസം എന്നിവയിലൂടെ 500 ദശലക്ഷം ഡോളര്‍ വരെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. മക്ക ഡെപ്യൂട്ടി ഗവര്‍ണ്ണറും ജിദ്ദ നാഷണല്‍ ഇവന്റ്‌സ് കലണ്ടര്‍ കമ്മിറ്റി ചെയര്‍മാനുമായ പ്രിന്‍സ് സൗദ് ബിന്‍ മിഷാലിന്റെ പിന്തുണയോടെ നടക്കുന്ന മേളയില്‍ വാച്ച്-ആഭരണ പ്രദര്‍ശനങ്ങള്‍, ഫൈന്‍ ഡൈനിംഗ്, ആഡംബര കാറുകള്‍, ഗോള്‍ഫ്, ഡൈവിംഗ് തുടങ്ങിയ ലൈഫ്സ്‌റ്റൈല്‍ കാഴ്ചകളും ഉണ്ടാകും.
ചെങ്കടല്‍ തീരത്തെ 22.4 ബില്യണ്‍ ഡോളറിലധികം വരുന്ന നിക്ഷേപങ്ങളും സമുദ്ര ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും ഈ മേളയിലൂടെ ഹൈലൈറ്റ് ചെയ്യപ്പെടും. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കമ്പനിയായ 'സെല'യും (Sela) 'തഹാലുഫും' (Tahaluf) ചേര്‍ന്നാണ് ജിദ്ദയിലെ ഈ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്.
Related News