തിരുവനന്തപുരം: തുടര്‍ച്ചയായ വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ താല്‍ക്കാലിക ഇളവ്. സെപ്റ്റംബര്‍ 23, 24 തീയതികളില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നെങ്കിലും വൈകുന്നേരത്തെ പീക്ക് സമയത്തെ നിയന്ത്രണം വലിയ തോതില്‍ ഒഴിവാക്കാന്‍ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞു. സെപ്റ്റംബര്‍ 24ന് നിയന്ത്രണ മുന്നറിയിപ്പുപോലും ഉണ്ടായിരുന്നില്ല. അയല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി ആവശ്യകത കുറഞ്ഞതിനെ തുടര്‍ന്ന് പവര്‍ എക്‌സ്‌ചേഞ്ചില്‍ കൂടുതല്‍ വൈദ്യുതി ലഭിച്ചതും കേരളത്തില്‍ മഴ ലഭിച്ചതുമാണ് നിലവിലെ ആശ്വാസത്തിന് പ്രധാന കാരണം.
ആന്ധ്രപ്രദേശില്‍ നിന്നും ഒഡിഷയില്‍ നിന്നുമായി ഏകദേശം 400 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ചില്‍ ലഭ്യത വീണ്ടും ഉയര്‍ന്നാല്‍ നിയന്ത്രണം ഒഴിവാക്കാന്‍ കഴിയുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. എന്നാല്‍ വൈദ്യുതി ലഭ്യത വീണ്ടും കുറഞ്ഞാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.
സാധാരണ മണ്‍സൂണ്‍ കാലത്ത് കേരളത്തിലെ പീക്ക് വൈദ്യുതി ആവശ്യകത ഏകദേശം 4,000 മെഗാവാട്ടിനടുത്താണ്. എന്നാല്‍ ഈ വര്‍ഷം മഴ കുറഞ്ഞതും താപനില സാധാരണയേക്കാള്‍ ഉയര്‍ന്നതും കാരണം ജൂണ്‍ മുതല്‍ തന്നെ പീക്ക് ഡിമാന്‍ഡ് 4,800-5,000 മെഗാവാട്ടിലേക്ക് ഉയര്‍ന്നതായി കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ ആദ്യവാരങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായി. സെപ്റ്റംബര്‍ 5ന് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 95 ദശലക്ഷം യൂണിറ്റിലെത്തി. സെപ്റ്റംബറിലെ മിക്ക ദിവസങ്ങളിലും ഉപഭോഗം 90 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്നു. അതേസമയം കെ.എസ്.ഇ.ബിക്ക് ഉറപ്പുള്ള സ്രോതസ്സുകളില്‍നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കി.
ഇതിനു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ താപനില ഉയര്‍ന്നതോടെ വൈദ്യുതി ആവശ്യകത കുതിച്ചു. കല്‍ക്കരിയുടെ ഉയര്‍ന്ന ഈര്‍പ്പം മൂലം ഒഡിഷ, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ താപവൈദ്യുത നിലയങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയുടെ അളവിനെ ബാധിച്ചു. ദേശീയതലത്തില്‍ ഏകദേശം 12,000 മെഗാവാട്ടിന്റെ ലഭ്യതക്കുറവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
കുറവ് നികത്താന്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചെങ്കിലും ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ല. ലഭിച്ച വൈദ്യുതിക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവന്നതും പ്രതിസന്ധി രൂക്ഷമാക്കി. പി.ടി.സി ഇന്ത്യയുമായി കെ.എസ്.ഇ.ബി നടത്തിയ ചില ഹ്രസ്വകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ക്ക് സെപ്റ്റംബര്‍ 11ന് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നിഷേധിച്ചിരുന്നു. രാത്രിയിലെ വൈദ്യുതി വാങ്ങല്‍ നിര്‍ദേശം സംസ്ഥാനത്തിന്റെ പീക്ക് ക്ഷാമം പരിഹരിക്കില്ലെന്നും അധിക ചെലവുണ്ടാക്കുമെന്നും കമ്മിഷന്‍ വിലയിരുത്തി.
സെപ്റ്റംബര്‍ മധ്യത്തോടെ ആവശ്യകത 5,200 മെഗാവാട്ട് കടന്ന ദിവസങ്ങളുണ്ടായി. സെപ്റ്റംബര്‍ 10ന് 5,450 മെഗാവാട്ട് വരെ ഡിമാന്‍ഡ് എത്തി. അതേസമയം പീക്ക് സമയത്തെ ലഭ്യത ഏകദേശം 4,200 മെഗാവാട്ടില്‍ ഒതുങ്ങിയതോടെ ഏകദേശം 1,000 മെഗാവാട്ടിന്റെ കുറവുണ്ടായി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പുറമെ കേന്ദ്ര ഗ്രിഡില്‍നിന്ന് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി എടുക്കേണ്ട സാഹചര്യവും ഉണ്ടായി.
സെപ്റ്റംബര്‍ 23, 24 തീയതികളില്‍ സ്ഥിതി മാറാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് സഹായിച്ചത്. ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ ലഭിച്ചതോടെ അവിടങ്ങളിലെ വൈദ്യുതി ആവശ്യകത കുറഞ്ഞു. ഇതോടെ ദേശീയ പവര്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ വൈദ്യുതി ലഭ്യമായി. കേരളത്തിലും വൈകുന്നേരങ്ങളില്‍ ലഭിച്ച മഴ വൈദ്യുതി ആവശ്യകത കുറയ്ക്കാന്‍ സഹായിച്ചു.
ഇതിനുപുറമെ വിവിധ സ്രോതസ്സുകളില്‍നിന്ന് അധിക വൈദ്യുതി ലഭ്യമാക്കാനുള്ള കെ.എസ്.ഇ.ബിയുടെ ശ്രമങ്ങളും ഫലം കാണുന്നുണ്ട്. നേരത്തെ 150 മെഗാവാട്ട് അധിക വൈദ്യുതി കേന്ദ്ര ഉല്‍പ്പാദന നിലയങ്ങളില്‍നിന്ന് ലഭ്യമാക്കാന്‍ ബോര്‍ഡിന് കഴിഞ്ഞിരുന്നു.
പ്രതിസന്ധിയില്‍ നിന്ന് സ്ഥിരമായ ആശ്വാസം ലഭിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ 600 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടെന്ന് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനം വരെ ചൂടും വൈദ്യുതി ക്ഷാമവും തുടരുകയാണെങ്കില്‍ നിയന്ത്രണം വീണ്ടും ആവശ്യമായി വരാമെന്നും മുന്നറിയിപ്പുണ്ടായിരുന്നു
വൈദ്യുതി ക്ഷാമം നേരിടാന്‍ ജലവൈദ്യുത നിലയങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടിവന്നതും ദീര്‍ഘകാല ആശങ്കയാണ്. പ്രതിദിനം ശരാശരി 25 ദശലക്ഷം യൂണിറ്റോളം ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുതിയുടെ അളവ് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ദുര്‍ബലമായാല്‍ ഈ സമ്മര്‍ദം കൂടുതല്‍ രൂക്ഷമാകാം.
രാത്രി 7 മുതല്‍ അര്‍ധരാത്രി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജല അതോറിറ്റിയുടെ പമ്പിങ് പകല്‍ സമയത്താക്കാനും ഉയര്‍ന്ന വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പകല്‍ ഉപയോഗിക്കാനും എയര്‍കണ്ടീഷണറുകള്‍ 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കാനും അലങ്കാര ലൈറ്റുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Related News