റിയാദ്: സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മില്‍ ധാരണയിലെത്തിയതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി 60 ദിവസത്തിനകം വിശദമായ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി പാകിസ്ഥാനും ഖത്തറും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ സൗദി അറേബ്യ പ്രശംസിച്ചു. ഈ സമാധാന ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ച അമേരിക്കയുടെയും ഇറാന്റെയും നിലപാടുകളെ രാജ്യം അഭിനന്ദിക്കുകയും ചെയ്തു.
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും കപ്പല്‍ ഗതാഗത സ്വാതന്ത്ര്യവും ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുന്നതും, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്ന തത്ത്വം പാലിക്കുന്നതുമായ ശാശ്വത കരാറിലൂടെ മാത്രമേ ഈ മേഖലയിലും ലോകത്തും സമാധാനം ഉറപ്പാക്കാന്‍ സാധിക്കൂ എന്നും സൗദി പ്രത്യാശ പ്രകടിപ്പിച്ചു.
Related News