ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള ഫീസ് കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. ജൂലൈ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ:
15 വയസ്സിന് മുകളിലുള്ളവര്‍ക്ക് 36 പേജുള്ള പാസ്പോര്‍ട്ടിന് സാധാരണ ഫീസ് 2,500 രൂപയും, തത്കാല്‍ ഫീസ് 5,000 രൂപയുമാണ്. 60 പേജുള്ള പാസ്പോര്‍ട്ടിന് ഇത് യഥാക്രമം 3,500 രൂപയും 6,000 രൂപയുമായിരിക്കും. നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ പാസ്പോര്‍ട്ടുകള്‍ക്ക് പകരം പുതിയത് എടുക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 36 പേജുള്ള പാസ്പോര്‍ട്ടിന് സാധാരണ ഫീസായി 5,000 രൂപയും തത്കാല്‍ ഫീസായി 7,500 രൂപയും നല്‍കണം. 60 പേജുള്ള പാസ്പോര്‍ട്ടിന് ഇത് 6,000 രൂപയും 8,500 രൂപയുമാണ്.
18 വയസ്സില്‍ താഴെയുള്ളവരുടെ പുതിയ പാസ്പോര്‍ട്ട് അല്ലെങ്കില്‍ പുതുക്കലിന് (36 പേജ്) സാധാരണ ഫീസ് 1,750 രൂപയും തത്കാല്‍ ഫീസ് 4,250 രൂപയുമാണ്. ഇതേ വിഭാഗത്തില്‍ നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ പാസ്പോര്‍ട്ടുകള്‍ക്ക് പകരം ഫീസ് യഥാക്രമം 4,250 രൂപയും (സാധാരണം), 6,750 രൂപയും (തത്കാല്‍) ആയിരിക്കും. മറ്റ് പാസ്പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ക്കുള്ള നിരക്കുകളിലും സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.
Related News