ജിദ്ദ: ആഗോള സ്റ്റേഷനറി രംഗത്തെ പ്രമുഖ ചൈനീസ് ബ്രാന്‍ഡായ 'ഡെലി സ്റ്റേഷനറി' സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. സൗദിയിലെ പ്രമുഖ വ്യാപാര ഗ്രൂപ്പായ 'മോഡേണ്‍ അറേബ്യ സ്റ്റേഷനറി കമ്പനി'യുമായി നിക്ഷേപ-വിതരണ കരാര്‍ ഒപ്പുവെക്കുമെന്ന് ഇരു കമ്പനികളുടേയും പ്രതിനിധികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഈ പങ്കാളിത്തത്തിന്റെയും നൂതന ഉല്‍പ്പന്നങ്ങളുടെയും ഔദ്യോഗിക പ്രഖ്യാപനവും വിപുലമായ പ്രദര്‍ശനവും ജൂലൈ 6 തിങ്കളാഴ്ച ജിദ്ദയിലെ മദീനാ റോഡിലുള്ള മാരിയറ്റ് ഹോട്ടലില്‍ നടക്കും. രാവിലെ 9 മണിക്ക് എക്‌സിബിഷന്‍ ആരംഭിക്കും. ബിസിനസ് പ്രമുഖര്‍, വ്യാപാര രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഡെലിയുടെ അത്യാധുനിക ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തും.
സംയുക്ത സംരംഭത്തിന്റെ ഭാഗമായി സൗദിയിലുടനീളം ഡെലിയുടെ സ്വന്തം ഷോറൂമുകള്‍ ആരംഭിക്കുന്നതിനൊപ്പം ശക്തമായ ഹോള്‍സെയില്‍, റീട്ടെയ്ല്‍ വിതരണ ശൃംഖലയും വികസിപ്പിക്കും.
1981-ല്‍ സ്ഥാപിതമായ ഡെലി ഗ്രൂപ്പ്, നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഷനറി നിര്‍മ്മാതാക്കളാണ്. 150-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഡെലിക്ക് ഏഷ്യയിലുടനീളം അത്യാധുനിക ഫാക്ടറികളുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍, ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ക്കായി 24 വ്യത്യസ്ത കാറ്റഗറികളിലായി ഇരുപതിനായിരത്തിലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഡെലി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പേനകള്‍, ഡെസ്‌ക് ടോപ്പ് ഓഫീസ് സപ്ലൈസ്, കാല്‍ക്കുലേറ്ററുകള്‍, വൈറ്റ് ബോര്‍ഡുകള്‍, ഓഫീസ് അപ്ലയന്‍സസ് എന്നിവക്ക് പുറമെ പ്രീമിയം ആര്‍ട്ട് ലൈനുകളും കായിക പ്രേമികള്‍ക്കായുള്ള 'അഗ്‌നൈറ്റ്' സ്‌പോര്‍ട്‌സ് ബ്രാന്‍ഡും ഇതില്‍ ഉള്‍പ്പെടുന്നു.
സൗദി അറേബ്യയുടെ 'വിഷന്‍ 2030' പദ്ധതികള്‍ക്ക് അനുസൃതമായി രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മികച്ചതും ചെലവ് കുറഞ്ഞതുമായ ഓഫീസ്-സ്‌കൂള്‍ സൊല്യൂഷനുകള്‍ നല്‍കാന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. പ്രാദേശിക വിപണിയിലെ മോഡേണ്‍ അറേബ്യയുടെ അനുഭവസമ്പത്തും, ഡെലിയുടെ ആഗോള ഉല്‍പ്പാദനക്ഷമതയും ഒത്തുചേരുമ്പോള്‍ സൗദിയിലെ സ്റ്റേഷനറി വിപണിയില്‍ ഇതൊരു പുതിയ മുന്നേറ്റമായിരിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ മോഡേണ്‍ അറേബ്യയുടെ ഉസാം അല്‍ ഗാംദി, ഡെലി മിഡില്‍ ഈസ്റ്റ് മാനേജര്‍ അബ്ദുല്‍ ഷാക്കിര്‍, കണ്‍ട്രി മാനേജര്‍ ബഷീര്‍, ഡെലി പ്രതിനിധി കര്‍ട്ടര്‍ എന്നിവര്‍ പങ്കെടുത്തു.
Related News