ലഖ്‌നൗ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആര്‍ പദ്ധതിക്കെതിരെ ഉത്തര്‍പ്രദേശ് ബി.ജെ.പിയും. മറ്റു പ്രതിപക്ഷ കക്ഷികളുടെ ആരോപണമാണ് യോഗി ആദിത്യനാഥ് സര്‍ക്കാരും ഏറ്റെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയില്‍നിന്ന് 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ഇവരെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തീവ്രശ്രമവുമായി ബിജെപി രംഗത്തിറങ്ങി. പരമാവധി വോട്ടര്‍മാരെ വീണ്ടും പട്ടികയില്‍ ചേര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി്.
നവംബര്‍ 20 മുതല്‍ സംസ്ഥാനവ്യാപകമായി ഇതിനുള്ള പ്രചാരണം ആരംഭിക്കാനാണ് തീരുമാനം. ഓരോ നിയമസഭാ മണ്ഡലത്തിലും 10,000 മുതല്‍ 25,000 വരെ വോട്ടര്‍മാരെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. 403 നിയമസഭാ മണ്ഡലങ്ങളിലായി ശരാശരി 31,000ത്തിലധികം പേരുടെ വീതം കുറവുണ്ടായെന്നാണ് മുഖ്യമന്ത്രിയുടെ കണക്ക്. ഓരോ പോളിങ് ബൂത്തിലും കുറഞ്ഞത് 50 പേരെയെങ്കിലും കണ്ടെത്തി പട്ടികയില്‍ തിരിച്ചെത്തിക്കാനാണ് ബി.ജെ.പി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ പങ്കജ് ചൗധരി എന്നിവര്‍ ഇതു സംബന്ധിച്ച യോഗത്തില്‍ സംസാരിച്ചു. അടുത്ത ഒരു മാസത്തേക്ക് മറ്റ് പാര്‍ട്ടി പരിപാടികള്‍ മാറ്റിവെച്ച് വോട്ടര്‍പട്ടിക പുതുക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം. 40 ലക്ഷം മുതല്‍ 80 ലക്ഷം വരെ വോട്ടര്‍മാരെ തിരിച്ചെത്തിക്കാനാവണമെന്നാണ് ഒരു മുതിര്‍ന്ന നേതാവിന്റെ വിലയിരുത്തല്‍.
നവംബര്‍ 17ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 16 വരെ പേരുകള്‍ ചേര്‍ക്കുന്നതിനും പരാതികളും എതിര്‍പ്പുകളും സമര്‍പ്പിക്കുന്നതിനും അവസരമുണ്ട്. അന്തിമ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,500 മുതല്‍ 3,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ച നിരവധി മണ്ഡലങ്ങളുണ്ട്. വോട്ടര്‍പട്ടികയില്‍നിന്ന് 5,000 മുതല്‍ 10,000 വരെ പേരുകള്‍ കുറഞ്ഞാല്‍ പോലും ഇത്തരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചിത്രം മാറാന്‍ സാധ്യതയുണ്ടെന്നതാണ് പാര്‍ട്ടിയുടെ ആശങ്ക. 2017ല്‍ ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള വോട്ടുവ്യത്യാസം 1.55 കോടിയായിരുന്നെങ്കില്‍ 2022ല്‍ അത് 85 ലക്ഷമായി കുറഞ്ഞതായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
നഗരങ്ങളില്‍ താമസിച്ചിരുന്ന പലരും ഗ്രാമങ്ങളിലെ വിലാസത്തിലേക്ക് വോട്ടര്‍പട്ടിക മാറ്റിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇവരെ വീണ്ടും നഗരമണ്ഡലങ്ങളിലെ പട്ടികയിലേക്ക് മാറ്റാന്‍ സഹായിക്കും. മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറി അവിടെ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തവരെയും ഉത്തര്‍പ്രദേശിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കും.
നിരവധി സ്ത്രീകളുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടാകാമെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു. അര്‍ഹരായ സ്ത്രീകളെ കണ്ടെത്തി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ സഹായിക്കും. പാര്‍ട്ടിക്ക് വിജയസാധ്യതയുള്ളതും ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ കൂടുതലായി നഷ്ടപ്പെട്ടതുമായ മണ്ഡലങ്ങളിലായിരിക്കും പ്രവര്‍ത്തകരെ പ്രധാനമായും വിന്യസിക്കുക.
പഞ്ചായത്ത് വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നവരില്‍ 66 ലക്ഷം പേരുടെ പേരുകള്‍ നിയമസഭാ വോട്ടര്‍പട്ടികയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇതില്‍ 55 ലക്ഷം പേര്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ ഹിന്ദുക്കളാണെന്നും 18-19 പ്രായവിഭാഗത്തിലുള്ള 4.5 ലക്ഷം പേരുടെ പേരുകളും പട്ടികയില്‍നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നിവേദനം നല്‍കിയതായും യോഗി വ്യക്തമാക്കി.
എസ്.ഐ.ആര്‍ നടപടിക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ 15.44 കോടി വോട്ടര്‍മാരുണ്ടായിരുന്നുവെന്നും നടപടിക്കുശേഷം എണ്ണം 13.39 കോടിയായി കുറഞ്ഞുവെന്നുമാണ് കണക്ക്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പട്ടികയും തമ്മില്‍ ഏകദേശം 2.4 കോടി പേരുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവ താരതമ്യം ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Related News