l o a d i n g

വേള്‍ഡ്

അമേരിക്കയില്‍ വ്യോമ ഗതാഗതം നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി

Thumbnail
Publisher By     Staff Reporter
November 14, 2026


വാഷിങ്ടണ്‍: അമേരിക്കയിലുടനീളം ഭീതി പരത്തി രാജ്യത്താകമാനം വ്യോമഗതാഗതം നിലച്ചു. ആയിരക്കണക്കിന് സര്‍വീസുകളാണ് പൊടുന്നനെ റ്ദ്ദാക്കേണ്ടി വന്നത്. നിയന്ത്രണ സംവിധാനത്തിലെ തകരാറാണ് കാരണമെന്നാണ് സംശയിക്കുന്നത്.

അസാധാരണ സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) അമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നുമുള്ള സര്‍വീസുകള്‍ക്ക് ഗ്രൗണ്ട് സ്‌റ്റോപ്പ് പ്രഖ്യാപിച്ചത്. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി.

ആകാശത്തുള്ള വിമാനങ്ങള്‍ക്ക് ലക്ഷ്യസ്ഥാനങ്ങളില്‍ ഇറങ്ങാന്‍ അനുമതിയുണ്ടെങ്കിലും നിലത്തുള്ള വിമാനങ്ങള്‍ക്ക് തുടര്‍നിര്‍ദേശമുണ്ടാകുന്നതുവരെ പറന്നുയരാന്‍ കഴിയില്ലെന്ന് എഫ്.എ.എ അറിയിച്ചു. ചിക്കാഗോയില്‍ വ്യോമഗതാഗത നിയന്ത്രണ സംവിധാനവുമായുള്ള ആശയവിനിമയത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് രാജ്യവ്യാപക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തില്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വിമാന ഗതാഗത നിയന്ത്രണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്വകാര്യ ആശയവിനിമയ ശൃംഖലയിലുണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. നെറ്റ്‌വര്‍ക്കില്‍ നടത്തിയ അപ്‌ഡേറ്റിനെത്തുടര്‍ന്ന് സംവിധാനം പുനരാരംഭിക്കുകയും പിന്നീട് തകരാറിലാവുകയുമായിരുന്നു എന്നാണ് അമേരിക്കന്‍ മാധ്യമമായ സി.ബി.എസ് റിപ്പോര്‍ട്ട് ചെയ്തത്. എല്‍3 ഹാരിസ് എന്ന കമ്പനിയാണ് ഈ ആശയവിനിമയ ശൃംഖലയുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനുശേഷം അമേരിക്കയില്‍ ഇത്ര വ്യാപകമായി വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് രണ്ടാമത്തെ സംഭവമാണിത്. 2023 ജനുവരിയില്‍ നോട്ടം എന്ന വ്യോമയാന സുരക്ഷാ അറിയിപ്പ് സംവിധാനത്തിലുണ്ടായ തകരാറിനെത്തുടര്‍ന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് ഒരു മണിക്കൂര്‍ 52 മിനിറ്റോളം നിയന്ത്രണം നീണ്ടു. ഏകദേശം 9,500 വിമാനങ്ങള്‍ വൈകുകയും 1,300 സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

ഇത്തവണത്തെ നിയന്ത്രണം മൂന്ന് മണിക്കൂറിലധികം നീണ്ടതോടെ 2023ലെ സംഭവത്തേക്കാള്‍ വലിയ പ്രതിസന്ധിയായി മാറി. വിമാനങ്ങള്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരെ വിമാനങ്ങളില്‍നിന്ന് തിരിച്ചിറക്കിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഏതെങ്കിലും തരത്തിലുള്ള ആക്രമണഭീഷണിയുണ്ടെന്നതിന് സൂചനകളില്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ വ്യക്തമാക്കി. ഇത് മറ്റൊരു 9/11 അല്ലെന്നും അദ്ദേഹം പറഞ്ഞു.

എഫ്.എ.എയുടെ കാലഹരണപ്പെട്ട ആശയവിനിമയ സംവിധാനങ്ങള്‍ നവീകരിക്കുന്നതിന് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് 12.5 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. നിലവിലുള്ള മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 30.1 ബില്യണ്‍ ഡോളര്‍ കൂടി അനുവദിക്കണമെന്ന് എഫ്.എ.എയും വൈറ്റ് ഹൗസും കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമഗതാഗത ശൃംഖലകളിലൊന്നായ അമേരിക്കയിലെ വിമാനസര്‍വീസുകള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടത് രാജ്യാന്തര വ്യോമയാന മേഖലയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Latest News

ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
ചീഫ് ജസ്റ്റിസിനെ 'ശിക്ഷിച്ച' ജഡ്ജി കര്‍ണന്‍ അന്തരിച്ചു
November 14, 2026
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
നിയന്ത്രണം നീക്കിയതായി യു.എസ്, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
November 14, 2026
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
എസ്.ഐ.ആറിനെതിരെ ബി.ജെ.പിയും, യു.പിയില്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ തീവ്രയജ്ഞം
November 14, 2026
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
അറബ് ന്യൂനപക്ഷത്തെ അപമാനിക്കരുത്; നെതന്യാഹുവിനോട് ഐസന്‍കോട്ട്
November 14, 2026
അമേരിക്കയില്‍ വ്യോമ ഗതാഗതം  നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
അമേരിക്കയില്‍ വ്യോമ ഗതാഗതം നിലച്ചു, ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കി
November 14, 2026
 മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
മരുഭൂമിയെ പച്ചപ്പണിയിക്കുന്ന സൗദി: ജലക്ഷാമത്തെ അതിജീവിച്ച് 60 കോടി മരങ്ങള്‍ വളര്‍ത്താനുള്ള മഹാപദ്ധതി വിജയിക്കുമോ?
November 13, 2026
 വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
വെസ്റ്റ് ബാങ്കില്‍ ഒലിവ് വിളവെടുപ്പിനിടെ പലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെ കുടിയേറ്റക്കാരുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
November 13, 2026
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
സൗദി ഹഫര്‍ അല്‍ ബാത്തിനില്‍ കുതിരയുടെ ആക്രമണത്തില്‍ മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
November 13, 2026
 യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
യമന്‍ ഉപരോധം നീട്ടി യു.എന്‍ രക്ഷാസമിതി; ഹൂതികളുടെ ആയുധ നിര്‍മ്മാണ സാമഗ്രികള്‍ക്ക് കര്‍ശന നിയന്ത്രണം
November 13, 2026
 അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
അനുമതിയില്ലാതെ മത്സ്യബന്ധനം: ജിദ്ദയില്‍ പ്രവാസി പിടിയില്‍
November 13, 2026