ജറുസലേം: ഇസ്രായേലിലെ ഫലസ്തീന്‍ അറബ് ന്യൂനപക്ഷത്തെയും അവരുടെ രാഷ്ട്രീയ പ്രതിനിധികളെയും കൂട്ടത്തോടെ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന ഗാദി ഐസന്‍കോട്ട. അറബ് ന്യൂനപക്ഷം ഇസ്രായേലിന്റെ സാമൂഹികരാഷ്ട്രീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസുമായി ബന്ധപ്പെടുത്തി അറബ് പാര്‍ട്ടി നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും വലതുപക്ഷ നേതാക്കളുടെയും നീക്കങ്ങള്‍ക്കിടെയാണ് ഐസന്‍കോട്ടിന്റെ പ്രതികരണം.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ അറബ് ഭൂരിപക്ഷമുള്ള റഅം, ജോയിന്റ് ലിസ്റ്റ് പാര്‍ട്ടികള്‍ക്ക് 120 അംഗ പാര്‍ലമെന്റില്‍ 19 സീറ്റുകള്‍ ലഭിച്ചിരുന്നു. പാര്‍ലമെന്റിലെ ഏകദേശം ആറിലൊന്ന് സീറ്റുകള്‍ നേടിയ ഈ പാര്‍ട്ടികള്‍ക്ക് പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകും.
'ഇസ്രായേലിലെ അറബ് പൗരന്മാര്‍ രാജ്യത്തിന്റെ ചരിത്രത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെയും അവിഭാജ്യ ഭാഗമാണ്. അവരെ കൂട്ടത്തോടെ പാര്‍ശ്വവല്‍ക്കരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് പൗരധര്‍മത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്. ഇസ്രായേലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തെയും ജൂതജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ നാം അഭിമാനിക്കുന്ന മൂല്യങ്ങളെയും ഇത് അപമാനിക്കുന്നു,' ഐസന്‍കോട്ടിന്റെ എക്‌സിലെ കുറിപ്പില്‍ പറഞ്ഞു.
ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കാന്‍ അറബ് പാര്‍ട്ടി നേതാക്കള്‍ തയ്യാറായില്ലെന്നാരോപിച്ചാണ് നെതന്യാഹുവും അനുയായികളും അവര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. എന്നാല്‍ ആക്രമണത്തെ അറബ് പാര്‍ട്ടികളുടെ നേതാക്കളെല്ലാം അപലപിച്ചിട്ടുണ്ട. 1948ലെ നക്ബയ്ക്കുശേഷം ഇസ്രായേലില്‍ തുടരുകയും പിന്നീട് അവിടുത്തെ പൗരന്മാരാകുകയും ചെയ്ത ഫലസ്തീനികളുടെ പിന്‍തലമുറക്കാരാണ് ഇസ്രായിലി ജനസംഖ്യയുടെ 20 ശതമാനത്തിലധികം വരുന്ന ഈ ന്യൂനപക്ഷം.
അറബ് ഭൂരിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന നെതന്യാഹുവിന്റെ ആരോപണങ്ങളും തിരഞ്ഞെടുപ്പ് അധികൃതര്‍ തള്ളിയിട്ടുണ്ട്. അറബ് പാര്‍ട്ടികള്‍ ഇസ്രായേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കുന്നില്ലെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. അറബ് പാര്‍ട്ടികള്‍ ഇസ്ലാമിക രാഷ്ട്രമോ ഫലസ്തീന്‍ ദേശീയ രാഷ്ട്രമോ സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും നെതന്യാഹു ആരോപിച്ചു.
ജോയിന്റ് ലിസ്റ്റ് നേതാവ് യൂസഫ് ജബരീനെ പാര്‍ലമെന്റിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ ഹമാസിനോട് കൂറുപുലര്‍ത്തുന്നയാളെന്ന് ആരോപിച്ച് പരിഹസിക്കുകയും ചെയ്തു.
അറബ് പാര്‍ട്ടികളുടെ നിലപാടുകളോട് വിയോജിക്കാനും അവരെ വിമര്‍ശിക്കാനും ആര്‍ക്കും അവകാശമുണ്ടെന്ന് ഐസന്‍കോട്ടും വ്യക്തമാക്കി. എന്നാല്‍ ഒരു സമൂഹത്തെ മുഴുവനായി അപകീര്‍ത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയാണ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഐസന്‍കോട്ടിനെ ചുമതലപ്പെടുത്തിയത്. അറബ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ അറബ് ഇസ്രായേലികള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സഖ്യത്തില്‍നിന്ന് പിന്മാറുമെന്ന് ഐസന്‍കോട്ടിന്റെ വലതുപക്ഷ സഖ്യകക്ഷി നേതാവായ അവിഗ്‌ദോര്‍ ലിബര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് 28 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ 14 ദിവസത്തെ അധികസമയം കൂടി തേടാം. അതിനുശേഷവും സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ലെങ്കില്‍ ചുമതല മറ്റൊരു പാര്‍ലമെന്റ് അംഗത്തിന് കൈമാറും. അങ്ങനെ വന്നാല്‍ നെതന്യാഹുവിനായിരിക്കും അവസരം ലഭിക്കാന്‍ കൂടുതല്‍ സാധ്യത.
Related News