ന്യൂഡല്‍ഹി- എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. ഡല്‍ഹിയില്‍ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞാനാണ് ജനറല്‍ സെക്രട്ടറി, അതുകൊണ്ട് ഇന്നയാള്‍ വരണം, ഇന്നയാള്‍ വരേണ്ട എന്ന് തീരുമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല' എന്നായിരുന്നു പേരെടുത്തുപറയാതെയുള്ള ഉപരാഷ്ട്രപതിയുടെ വിമര്‍ശനം.
താനാണ് സര്‍വവും എന്ന് ആരും കരുതരുതെന്നും കര്‍മയോഗിയായ മന്നം പത്മനാഭന്റെ സംഭാവനകള്‍ കാരണമാണ് നിങ്ങള്‍ക്കെല്ലാം ഈ സ്ഥാനം ലഭിച്ചതെന്ന ബോധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. മന്നത്തിന്റെ സ്മൃതിസ്ഥാനത്തേക്ക് വരുന്നത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും എല്ലാവരും അവിടേക്ക് വരണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
എന്‍എസ്എസിന്റെ ഇന്നത്തെ എല്ലാ ആസ്തികളും മന്നം പത്മനാഭന്‍ നടത്തിയ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ്. മന്നം എല്ലാവരുടേതുമാണ്, അതിനാല്‍തന്നെ അദ്ദേഹത്തിന്റെ സ്മൃതിയിടം കാണാന്‍ വരുന്നവരെ തടയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരുന്നയില്‍ പുഷ്പാര്‍ച്ചനയ്ക്ക് എത്തുന്ന പലരെയും ജനറല്‍ സെക്രട്ടറി തടയുന്നു എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.
Related News