ജിദ്ദ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 'പെയിന്റ് ദ പ്ലാനറ്റ് ഗ്രീന്‍' എന്ന പ്രമേയത്തില്‍ ജിദ്ദയിലെ ഗുഡ് ഹോപ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ വിജയികള്‍: ജൂനിയേഴ്‌സ് വിഭാഗം (8-12 വയസ്സ്) ഒന്നാം സ്ഥാനം: തബസ്സും സര്‍ക്കര്‍, രണ്ടാം സ്ഥാനം: ഇന്‍ഷ പി. എം. സുബില്‍, മൂന്നാം സ്ഥാനം: നെത്താനിയ ജിനില്‍ ജേക്കബ്, സീനിയേഴ്‌സ് വിഭാഗം (13-18 വയസ്സ്) ഒന്നാം സ്ഥാനം: റെയ്ഹാന്‍ ഉദയന്‍, രണ്ടാം സ്ഥാനം: വഫ സലിം, മൂന്നാം സ്ഥാനം: പാര്‍വതി നായര്‍.
മത്സരത്തില്‍ പങ്കെടുത്ത 125 കുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 11-ന് നടക്കുന്ന ജിദ്ദ കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുസാഫിര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡബ്ല്യു.എം.എഫ് ജിദ്ദ കൗണ്‍സില്‍ പ്രസിഡന്റ് സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഡോ. വിനിത പിള്ള വിഷയാവതരണം നടത്തി. ജനറല്‍ സെക്രട്ടറി യൂനുസ് കാട്ടൂര്‍ സ്വാഗതവും ട്രഷറര്‍ ശിവാനന്ദന്‍ നന്ദിയും രേഖപ്പെടുത്തി.
Related News