ന്യൂഡല്‍ഹി: രാജ്യത്ത് ചരിത്രത്തിലാദ്യമായി ക്വിക്ക്-കൊമേഴ്‌സ് ആപ്പ് വഴി പാചകവാതക സിലിണ്ടറുകള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിക്കാന്‍ സ്വിഗ്ഗിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും (എച്ച്.പി.സി.എല്‍.) കൈകോര്‍ക്കുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പങ്കാളിത്ത പ്രഖ്യാപനം ബുധനാഴ്ച പുറത്തുവന്നു. ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പാചകവാതക വിതരണത്തില്‍ കനത്ത പ്രതിസന്ധിയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഈ നിര്‍ണായക പദ്ധതിക്ക് തുടക്കമാകുന്നത്.
തുടക്കത്തില്‍ 14.2 കിലോഗ്രാം വരുന്ന സ്റ്റാന്‍ഡേര്‍ഡ് സിലിണ്ടറുകള്‍ക്ക് പകരം 5 കിലോഗ്രാം, 10 കിലോഗ്രാം അളവിലുള്ള ചെറിയ സിലിണ്ടറുകളാണ് വീടുകളില്‍ എത്തിക്കുക. സിലിണ്ടറുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി എച്ച്.പി. ഗ്യാസ് കണക്ഷന്‍ ഉണ്ടായിരിക്കേണ്ടതില്ലെന്നതാണ് മറ്റൊരു പ്രത്യേകത. പ്രാരംഭ ഘട്ടത്തില്‍ ബെംഗളൂരുവില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന സേവനം, വിജയകരമാകുന്ന മുറയ്ക്ക് രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
വിലവിവരങ്ങള്‍ കമ്പനികള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എല്‍.പി.ജി. ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് രാജ്യത്ത് പ്രധാനമായും പാചകവാതകം വിതരണം ചെയ്യുന്നത്.
പച്ചക്കറികള്‍, പലഹാരങ്ങള്‍, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, ഗാര്‍ഹിക വസ്തുക്കള്‍ എന്നിവയൊക്കെ മിനിറ്റുകള്‍ക്കകം എത്തിക്കുന്ന സ്വിഗ്ഗിയുടെ ഇന്‍സ്റ്റമാര്‍ട്ട് കാറ്റലോഗിലേക്കാണ് എച്ച്.പി.സി.എല്ലുമായുള്ള ഈ പുതിയ കൂട്ടായ്മയിലൂടെ പാചകവാതക സിലിണ്ടറുകളും എത്തുന്നത്.
Related News