ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടയില്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികളുടെ മാനസിക ബുദ്ധിമുട്ടുകളും ആശങ്കകളും തങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും, അവരുടെ ദുരിതം ലഘൂകരിക്കാന്‍ എല്ലാ വിഭാഗം ആളുകളും മുന്നോട്ട വരണമെന്നും സര്‍വകലാശാല വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഭയം ലഘൂകരിക്കുന്നതിന് പകരം 'നിക്ഷിപ്ത താല്പര്യക്കാര്‍' അത് മുതലെടുക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിലും ഭാവയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയണമെന്നും ചൊവ്വാഴ്ച രാത്രി 'എക്‌സ്' പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ സര്‍വകലാശാല പറഞ്ഞു.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെ തിങ്കളാഴ്ച പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന് പിന്നാലെയണ് സര്‍വകലാശാലയുടെ പ്രസ്താവന പുറത്തുവന്നത്. ഏറ്റുമുട്ടലില്‍ നിരവധി പ്രതിഷേധക്കാരര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് ആറ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ രണ്ടും, കണാട്ട് പ്ലേസ്, തിലക് മാര്‍ഗ്, ബരാഖാംബ റോഡ്, കര്‍തവ്യ പഥ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഓരോ എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് ജിതേന്ദ്ര സിംഗും ജെ.പി നദ്ദയും
ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യനില അന്വേഷിക്കാന്‍ കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിംഗും ജെ.പി. നദ്ദയും ചൊവ്വാഴ്ച രാത്രി ആശുപത്രിയിലെത്തി. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്. ജൂണ്‍ 28 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന വാങ്ചുക്ക് ഈ പ്രതിഷേധങ്ങളിലെ പ്രധാന വ്യക്തിയാണ്.
സി.ജെ.പി പ്രതിഷേധത്തിന് രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും വര്‍ദ്ധിച്ചുവരികയാണ്. ചൊവ്വാഴ്ച ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയും മകനും മഹാരാഷ്ട്ര എം.എല്‍.എയുമായ ആദിത്യ താക്കറെയും ജന്തര്‍മന്തറിലെ സമരസ്ഥലം സന്ദര്‍ശിച്ചു. സമരം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി പ്രതീക്ഷിച്ചതിലും മോശമായിപ്പോയെന്ന് ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ്ചന്ദ്ര പവാര്‍) അധ്യക്ഷന്‍ ശരദ് പവാറും എം.പി സുപ്രിയ സുലേയും സമരസ്ഥലം സന്ദര്‍ശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്ന ആവശ്യത്തിന് എന്‍.സി.പി (എസ്) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
'നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരവും പ്രതിഷേധവും നടത്തിവരികയാണ്. നീതിപൂര്‍വ്വമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ഇന്നലെ കാണിച്ച പെരുമാറ്റം ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇന്ന് ഞാന്‍ സമരസ്ഥലം സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളെ കാണുകയും പരിക്കേറ്റവരെക്കുറിച്ചും അവരുടെ ആവശ്യങ്ങളെക്കുറിച്ചും വിശദമായി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു,' ശരദ് പവാര്‍ എക്‌സില്‍ കുറിച്ചു.
Related News