ദില്ലി: ദില്ലി ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് വാര്‍ത്തകളില്‍ ഇടംനേടിയ സന്നദ്ധപ്രവര്‍ത്തകന്‍ മുഹമ്മദ് ജുനൈദ് മാലികിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പരാതി. ആര്‍.എം.എല്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടയില്‍ ദില്ലി പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതായും, രാത്രി മുഴുവന്‍ കണ്ണുകെട്ടി ചോദ്യം ചെയ്തതായും ജുനൈദ് പറയുന്നു. ഭക്ഷണവിതരണത്തിന് പിന്നിലെ ഫണ്ടിങ് ആരുടേതാണെന്ന് പോലീസ് ആവര്‍ത്തിച്ച് ചോദിച്ചതായും, ഒടുവില്‍ തന്നെ ഉത്തരാഖണ്ഡിലെ മസൂരിയില്‍ കൊണ്ടുപോയി ഇറക്കി വിടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജുനൈദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കുടുംബവും പോലീസിനെതിരെ രംഗത്തെത്തി. ഗാസിയാബാദിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോലീസ് നിരന്തരം എത്തിയെന്നും, വൃദ്ധനായ പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്‌തെന്നും കുടുംബം ആരോപിച്ചു. കൂടാതെ, കുടുംബത്തിന്റെ വ്യക്തിഗത രേഖകളും പോലീസ് ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ വ്യക്തമാക്കി.
എന്നാല്‍ ജുനൈദിന്റെ ആരോപണങ്ങളോട് ദില്ലി പോലീസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, ജുനൈദ് ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചുതായി റിപ്പോര്‍ട്ടുകളുണ്ട്. സന്നദ്ധപ്രവര്‍ത്തനത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുള്ള ദുരൂഹതകളും, പോലീസ് നടപടിയെക്കുറിച്ചുള്ള വ്യക്തതയും വരും ദിവസങ്ങളില്‍ ഔദ്യോഗിക വിശദീകരണത്തിന് ശേഷം മാത്രമേ പുറത്തുവരൂ.
Related News