കൊച്ചി: ഗോളിയുടെ പിഴവ് സമ്മാനിച്ച ഗോളില്‍ ഫോര്‍സ കൊച്ചി എഫ്.സിക്ക് സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കേരളയില്‍ വിജയം. മലപ്പുറം എഫ്‌സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അവര്‍ തോല്‍പിച്ചത. ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഗോള്‍രഹിതമായിരുന്ന പോരാട്ടത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഫോര്‍സ കൊച്ചി വിജയം പിടിച്ചെടുത്തത്.
89ാം മിനിറ്റില്‍ മലപ്പുറം പരിശീലകന്‍ കരീം ബെഞ്ചരീഫ ആദ്യ ഗോള്‍കീപ്പറെ പിന്‍വലിച്ച് ദേവാന്‍ഷ് ദബാസിനെ ഇറക്കുകയായിരുന്നു. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു മലപ്പുറം. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ദബാസിന്റെ ആദ്യ സ്പര്‍ശം തന്നെ ടീമിന് തിരിച്ചടിയായി.
അധികസമയത്തിന്റെ നാലാം മിനിറ്റില്‍ ഫോര്‍സ കൊച്ചിയുടെ പകരക്കാരന്‍ രാഹുല്‍ രാജു ദൂരത്തുനിന്ന് എടുത്ത ശക്തിയേറിയതല്ലാത്ത ഷോട്ട് ദബാസിന്റെ കൈകളില്‍നിന്ന് വഴുതി വലയിലെത്തി. ഗോള്‍കീപ്പറുടെ പിഴവ് മുതലെടുത്ത് രാഹുല്‍ രാജു നേടിയ ഗോള്‍ കൊച്ചിക്ക് നിര്‍ണായകമായ മൂന്ന് പോയിന്റ് സമ്മാനിച്ചു. ഇഞ്ചുറി ടൈമിന്റെ 4ാം മിനിറ്റിലായിരുന്നു ഗോള്‍.
ഗോള്‍ വഴങ്ങിയതോടെ മലപ്പുറം സമനിലയ്ക്കായി ആക്രമണം ശക്തമാക്കി. എന്നാല്‍ ഫോര്‍സ കൊച്ചിയുടെ ഗോള്‍കീപ്പര്‍ അര്‍ബാസ് നിര്‍ണായക രക്ഷപ്പെടുത്തലിലൂടെ മലപ്പുറത്തിന്റെ ശ്രമം തടഞ്ഞു. അധികസമയത്തിന്റെ അവസാന മിനിറ്റില്‍ സല്‍മാന്‍ ഫാരിസ് തൊടുത്ത കിടിലന്‍ ഷോട്ട് അര്‍ബാസ് തട്ടിയകറ്റി്.
ആദ്യ പകുതിയില്‍ മലപ്പുറത്തിന് താളം കണ്ടെത്താനായില്ല. നിരവധി പാസുകള്‍ പിഴച്ചതോടൊപ്പം ലക്ഷ്യമില്ലാത്ത ലോംഗ് ഷോട്ടുകളും ടീമിന്റെ ആക്രമണത്തെ ദുര്‍ബലമാക്കി. ഫോര്‍സ കൊച്ചി താരതമ്യേന ഒത്തിണക്കത്തോടെയാണ് കളിച്ചത്. ആദ്യ പകുതിയില്‍ എതിരാളിയുടെ ബോക്‌സിലേക്ക് കൂടുതല്‍ തവണ കടന്നുകയറാനും കൊച്ചി ടീമിന് സാധിച്ചു. എന്നാല്‍ ഗോള്‍കീപ്പര്‍ അര്‍ബാസിനെ കാര്യമായി പരീക്ഷിക്കുന്ന ഷോട്ട് കണ്ടെത്താനായില്ല.
ആദ്യ പകുതി അവസാനിക്കാനിരിക്കെ നിതിന്‍ മധുവിന്റെ മികച്ച ഓവര്‍ലാപ്പും ക്രോസും ലഭിച്ചെങ്കിലും അലന്‍ സാജിയുടെ ഹെഡര്‍ ലക്ഷ്യം തെറ്റി. മറുവശത്ത് എ. സതീഷ് മലപ്പുറത്തിനായി മികച്ച അവസരം സൃഷ്ടിച്ചു. ഇടത് വശത്തുനിന്ന് ബോക്‌സിലെത്തിയ സതീഷിന്റെ ഷോട്ട് ജൈമി ജോയ് രക്ഷപ്പെടുത്തി. റീബൗണ്ട് ലഭിച്ച എല്‍ഫോഴ്‌സിക്ക് പന്ത് വലയിലെത്തിക്കാനായില്ല.
രണ്ടാം പകുതിയില്‍ മലപ്പുറം കൂടുതല്‍ ആക്രമണാത്മകമായി കളിച്ച് കൊച്ചിയെ സമ്മര്‍ദത്തിലാക്കിയെങ്കിലും ഫോര്‍സയുടെ പ്രതിരോധം ഉറച്ചുനിന്നു. മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ദബാസിന്റെ പിഴവ് കളിയുടെ ഗതി മാറ്റിയത്. സ്വന്തം തട്ടകത്തില്‍ ലഭിച്ച ജയത്തോടെ ഫോര്‍സ കൊച്ചി വിലപ്പെട്ട പോയിന്റുകള്‍ സ്വന്തമാക്കി.
Related News