റിയാദ്: അനുവദനീയമായ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യയില്‍ തങ്ങുന്ന ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ വിവരം അധികൃതരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സര്‍വീസ് കമ്പനികള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന തീര്‍ത്ഥാടകരെക്കുറിച്ച് കൃത്യസമയത്ത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ വൈകുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പിഴ ബാധകമാണെന്ന് പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി.
പിഴത്തുക ഒരു ലക്ഷം റിയാല്‍ വരെയാകാം. കൂടാതെ, നിയമലംഘനം നടത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിന് അനുസരിച്ച് ഈ പിഴ തുക വര്‍ദ്ധിക്കുന്നതുമാണ്.
താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെക്കുറിച്ച് വിവരം നല്‍കാന്‍ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും വിളിച്ച് വിവരങ്ങള്‍ അറിയിക്കാം. ലഭിക്കുന്ന എല്ലാ വിവരങ്ങളും തികഞ്ഞ രഹസ്യമായി സൂക്ഷിക്കുമെന്നും വിവരം നല്‍കുന്നവര്‍ക്ക് യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും പബ്ലിക് സെക്യൂരിറ്റി കൂട്ടിച്ചേര്‍ത്തു.
Related News