ബുറൈദ: ഈ വര്‍ഷത്തെ ബുറൈദ അന്താരാഷ്ട്ര ഈത്തപ്പഴ കാര്‍ണിവലിന് ശനിയാഴ്ച തുടക്കമായി. ഒക്ടോബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന വാര്‍ഷിക മേളയില്‍ സൗദി അറേബ്യയ്ക്കകത്തുനിന്നും പുറത്തുനിന്നുമുള്ള കര്‍ഷകരും വ്യാപാരികളും ഇറക്കുമതിക്കാരും പങ്കെടുക്കുന്നുണ്ട്. വിവിധ വേദികളിലായി സാംസ്‌കാരിക, ടൂറിസം, വിനോദ പരിപാടികളും കാര്‍ണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഖസീം മേഖലയുടെ കാര്‍ഷിക പൈതൃകം വിളിച്ചോതുന്ന ഗ്രാമീണ ഫാമും കിംഗ് ഖാലിദ് കള്‍ച്ചറല്‍ സെന്ററിലെ സാംസ്‌കാരിക-സാമൂഹിക പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു.
ഖസീം മേഖലയിലെ ഈത്തപ്പഴ വ്യവസായത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഈ കാര്‍ണിവല്‍. 1.1 കോടിയിലധികം ഈത്തപ്പനകളുള്ള ഈ പ്രദേശത്ത് പ്രതിവര്‍ഷം ഏകദേശം 5,78,000 ടണ്‍ ഈത്തപ്പഴമാണ് ഉത്പാദിപ്പിക്കുന്നത്.
പ്രതിവര്‍ഷം ഏകദേശം 320 കോടി സൗദി റിയാല്‍ സാമ്പത്തിക ഇടപാടുകള്‍ ഈ കാര്‍ണിവലിലൂടെ നടക്കുന്നുണ്ട്. കൂടാതെ നേരിട്ടും അല്ലാതെയുമായി 4,000-ത്തിലധികം തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കുന്നു.
ഭക്ഷ്യ-കാര്‍ഷിക മേഖലകളിലെ നിക്ഷേപങ്ങളെയും കൂട്ടായ്മകളെയും പ്രോത്സാഹിപ്പിക്കുന്ന ഈ മേള, സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും വലിയ പിന്തുണയാണ് നല്‍കുന്നത്.
Related News