കൊച്ചി: റേഞ്ച് റോവര്‍ എസ്വി അള്‍ട്ര ഇന്ത്യയില്‍ അവതരിപ്പിച്ചു. ന്യൂഡല്‍ഹി എക്സ്ഷോറൂം അടിസ്ഥാനത്തില്‍ 3 കോടി 80 ലക്ഷം രൂപയാണ് പ്രാരംഭ വില. റേഞ്ച് റോവറിന്റെ ആഡംബരവും സാങ്കേതിക മികവും സമന്വയിപ്പിക്കുന്ന ഈ മോഡലില്‍, എസ്വി അള്‍ട്രയ്ക്ക് മാത്രമായി ഒരുക്കിയ ടൈറ്റന്‍ സില്‍വര്‍ ബാഹ്യ ഫിനിഷ്, 23 ഇഞ്ച് അലോയ് വീലുകള്‍, ഓര്‍ക്കിഡ് വൈറ്റും സിന്‍ഡര്‍ ഗ്രേയും ചേര്‍ന്ന ലെതര്‍ രഹിത അള്‍ട്രാഫാബ്രിക്‌സ് ഉള്‍സജ്ജീകരണം, റാറ്റന്‍ പാം വെനീര്‍ എന്നിവ ഉള്‍പ്പെടുന്നു.
ലോകത്തിലെ ആദ്യത്തെ എസ്വി ഇലക്ട്രോസ്റ്റാറ്റിക് ശബ്ദ സംവിധാനമാണ് വാഹനത്തിലെ പ്രധാന സവിശേഷത. 21 ഭാരം കുറഞ്ഞ ഇലക്ട്രോസ്റ്റാറ്റിക് ട്രാന്‍സ്ഡ്യൂസറുകളും അഞ്ച് ബാസ് സ്പീക്കറുകളും ബോഡി ആന്‍ഡ് സോള്‍ സീറ്റുകളും സെന്‍സറി ഫ്‌ലോറും ചേര്‍ന്ന് യാത്രക്കാര്‍ക്ക് വ്യത്യസ്തമായ സംഗീതാനുഭവം നല്‍കുന്നു. ഓരോ സീറ്റിനും വ്യക്തിഗത ശബ്ദാനുഭവം ഒരുക്കുന്നതിനൊപ്പം ആറ് വെല്‍നെസ് പ്രോഗ്രാമുകളിലൂടെ വിശ്രമവും ഏകാഗ്രതയും വര്‍ധിപ്പിക്കാനും ഈ സംവിധാനം സഹായിക്കും.
395 കിലോവാട്ട് ശേഷിയുള്ള പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എട്ട് സിലിണ്ടര്‍ എന്‍ജിനിലാണ് എസ്വി അള്‍ട്ര നിലവില്‍ ലഭ്യമാകുന്നത്. ഇലക്ട്രോസ്റ്റാറ്റിക് ശബ്ദ സംവിധാനത്തില്‍ പുനഃസംസ്‌കരിച്ചതും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എസ്വി അള്‍ട്ര പതിപ്പ് ഈ വര്‍ഷാവസാനത്തോടെ അവതരിപ്പിക്കുമെന്നും റേഞ്ച് റോവര്‍ വ്യക്തമാക്കി.
Related News