റിയാദ്: റിയാദില്‍ ആദ്യമായെത്തുന്ന പ്രശസ്ത സിനിമാതാരം പൃഥ്വിരാജിനെ വരവേല്‍ക്കാന്‍ ലുലു സൗദി ഒരുങ്ങുന്നു. ഓണം റിലീസായെത്തുന്ന 'ഖലീഫ' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് പൃഥ്വിരാജും സിനിമയുടെ അണിയറപ്രവര്‍ത്തകരും മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ റൂഫ്ടോപ്പ് അരീനയില്‍ എത്തുന്നത്. ഓഗസ്റ്റ് 13-ന് വൈകുന്നേരം 6:30 മുതലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഖലീഫയുടെ പ്രമോഷന്‍ പരിപാടികള്‍ നടക്കുന്നത്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജ് നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഖലീഫ' ഓഗസ്റ്റ് 20-നാണ് തിയറ്ററുകളിലെത്തുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഈ വര്‍ഷം പുറത്തിറങ്ങുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാമിയോ റോളില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. തെലുങ്ക് സിനിമാ താരം മാളവിക ശര്‍മ്മയാണ് നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണിത്.
ആക്ഷനും ചേസ് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള മാസ് കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായാണ് ഖലീഫ വിലയിരുത്തപ്പെടുന്നത്. 'പോക്കിരി രാജ'യ്ക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
റിയാദില്‍ ആദ്യമായെത്തുന്ന പൃഥ്വിരാജിനെയും ഒപ്പം ഖലീഫ ടീമിനെയും ഒരുമിച്ച് വരവേല്‍ക്കാനുള്ള ആവേശത്തിലാണ് സിനിമ പ്രേമികള്‍.
Related News