റിയാദ്: തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ രക്ഷാകര്‍തൃത്വത്തിലും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദ്ദേശാനുസരത്തിലും ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ പത്താമത് പതിപ്പ് ഒക്ടോബര്‍ 26 മുതല്‍ 29 വരെ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കും. 'ദ പവര്‍ ഓഫ് ലെഗസി' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഈ സംരംഭത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സവിശേഷമായ പതിപ്പായിരിക്കും ഇത്.
ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാര്‍, നിക്ഷേപകര്‍, നയരൂപകര്‍ത്താക്കള്‍, നവീകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ സംഗമിക്കുന്ന സമ്മേളനം, നിക്ഷേപത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും ഭാവിയെ രൂപപ്പെടുത്തുന്ന അവസരങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യും. നിര്‍മ്മാണ മൂലധനം, മുന്നേറ്റം നയിക്കുന്ന സാങ്കേതികവിദ്യ, വളര്‍ച്ച നേടുന്ന സമൂഹങ്ങള്‍, പ്രചോദനാത്മക നേതൃത്വം എന്നീ നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുക.
ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷന്‍ സി.ഇ.ഒ ഡോ. മഹാ ബിന്ത് മിശാരി ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരി, പത്താമത് പതിപ്പിനുള്ള രാജകീയ രക്ഷാകര്‍തൃത്വത്തെയും ഭരണനേതൃത്വത്തിന്റെ തുടര്‍ച്ചയായ പിന്തുണയെയും പ്രശംസിച്ചു. സൗദി വിഷന്‍ 2030-ന്റെ അടിത്തറയായ സമഗ്ര വികസന പ്രക്രിയക്ക് കരുത്തുപകരുന്നതില്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശങ്ങള്‍ നിര്‍ണായകമാണെന്ന് അവര്‍ വിശേഷിപ്പിച്ചു.
'കഴിഞ്ഞ പത്തു വര്‍ഷമായി മനുഷ്യപുരോഗതിക്കായി നിക്ഷേപത്തിന്റെ ശക്തി തിരിച്ചറിഞ്ഞ നേതാക്കളെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഒന്നിപ്പിച്ചു. നമ്മള്‍ നടത്തുന്ന തിരഞ്ഞെടുപ്പുകള്‍, രൂപപ്പെടുത്തുന്ന പങ്കാളിത്തങ്ങള്‍, പിന്തുണക്കുന്ന നവീകരണങ്ങള്‍ എന്നിവയുടെ പാരമ്പര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പത്താമത് പതിപ്പ് ആഗോള സമൂഹത്തെ ക്ഷണിക്കുന്നു. ആളുകള്‍ക്കും ഭാവി തലമുറകള്‍ക്കും സുസ്ഥിരമായ മാറ്റമുണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.'- അവര്‍ കൂട്ടിച്ചേര്‍ത്തു
നാല് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സ്, ആഗോള സാമ്പത്തിക-നിക്ഷേപ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളും മുന്‍ഗണനകളും ചര്‍ച്ച ചെയ്യുന്ന സമഗ്രമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ ആഗോള സംവാദങ്ങളുടെയും സഹകരണത്തിന്റെയും പ്രമുഖ വേദിയായി മാറിയ ഈ ഇനിഷ്യേറ്റീവ്, നിരവധി സുപ്രധാന തന്ത്രപരമായ കരാറുകളില്‍ ഒപ്പുവെക്കാന്‍ കളമൊരുക്കിയിട്ടുണ്ട്. ഇത് നിക്ഷേപത്തിന്റെയും തീരുമാനമെടുക്കലിന്റെയും ഒരു പ്രധാന ആഗോള കേന്ദ്രമെന്ന നിലയില്‍ റിയാദിന്റെ സ്ഥാനം കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നു.
Related News