റിയാദ്: അത്യാധുനിക വിദൂര നിയന്ത്രിത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സൗദി അറേബ്യയിലെ 'സെഹാ വെര്‍ച്വല്‍ ഹോസ്പിറ്റല്‍' തുടര്‍ച്ചയായി 11 റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. വിദഗ്ധ ചികിത്സാ മേഖലകളില്‍ നടത്തിയ ഈ ശസ്ത്രക്രിയകളിലൂടെ രോഗികള്‍ക്ക് മികച്ച പരിചരണമാണ് ലഭ്യമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
റിയാദിലെ വിദഗ്ധ മെഡിക്കല്‍ സംഘമാണ് ഹായിലിലും സൗദിയുടെ മറ്റ് ഭാഗങ്ങളിലും കഴിയുന്ന രോഗികളില്‍ റോബോട്ടിക് സംവിധാനത്തിലൂടെ വിജയകരമായി ശസ്ത്രക്രിയകള്‍ നടത്തിയത്. സൗദിയുടെ വിദൂര ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ആശുപത്രികളെ സമഗ്ര ശൃംഖലയില്‍ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ശ്വാസകോശത്തിലെ തകരാറിലായ ഭാഗം നീക്കം ചെയ്യുന്ന 'റൈറ്റ് ലോവര്‍ ലോബ് റിസെക്ഷന്‍' ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലോകത്തിലെ തന്നെ രണ്ടാമത്തെ വിദൂര ലോബെക്ടമിയും അഞ്ചാമത്തെ വിദൂര ന്യുാമോണെക്ടമിയുമാണ് ഇത്. പുറമെ സ്ലീവ് ഗാസ്‌ട്രെക്ടമി, ഹെര്‍ണിയ റിപ്പയര്‍, പെല്‍വിക് എക്‌സ്‌പ്ലോറേഷന്‍, ഹിസ്റ്ററെക്ടമി തുടങ്ങിയ ശസ്ത്രക്രിയകളും വിജയകരമായി നിര്‍വ്വഹിച്ചു.
ഏറ്റവും ഉയര്‍ന്ന ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കി രാജ്യത്ത് റോബോട്ടിക് മെഡിക്കല്‍ ഇടപെടലുകളെ നിയന്ത്രിക്കുന്നതിനുള്ള ദേശീയ ചട്ടക്കൂടായി സെഹാ വെര്‍ച്വല്‍ ഹോസ്പിറ്റല്‍ ആവിഷ്‌കരിച്ച സൗദി പ്രോട്ടോക്കോളിന്റെ ഭാഗമായാണ് ഈ നേട്ടം.
പദ്ധതിക്കായി ഉപയോഗിച്ച റോബോട്ടിക് സര്‍ജിക്കല്‍ സിസ്റ്റങ്ങള്‍ക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത് ക്ലിനിക്കല്‍ ഉപയോഗത്തിനുള്ള സജ്ജീകരണവും രാജ്യത്തിന്റെ നിയന്ത്രണ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു.
Related News