ജിദ്ദ: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദ നവോദയ യുവജന വേദിയുടെ നേതൃത്വത്തിൽ 'യുവപ്രതീക്ഷ 2026' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനാത്തോടനുബന്ധിച്ച് DYFI നടത്തുന്ന പരിപാടികളുടെ തുടർച്ചയായാണ് ജിദ്ദയിലും യുവജന വേദി ഈ പരിപാടി സംഘടിപ്പിച്ചത്. യുവജന വേദി കേന്ദ്ര കൺവീനർ ലാലു വേങ്ങൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. സഫ ഏരിയ യുവജന വേദി കൺവീനർ ഫുളൈൽ വളപുരം ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് ആശയങ്ങൾക്ക് കീഴടങ്ങുന്ന സമീപനമാണ് സംസ്ഥാനത്തെ വി.ഡി. സതീശൻ സർക്കാരിന്റേതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കിസ്മത്ത് മമ്പാട് ആരോപിച്ചു. പി.എം. ശ്രീ, വഖഫ് വിഷയം എന്നിവയിൽ കേന്ദ്ര നിലപാടിനോട് ചേർന്നുനിൽക്കുകയും, വന്ദേമാതരം ആലാപനം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ എന്നിവയിലൂടെ സംഘപരിവാറിന് വഴിതുറന്നുകൊടുക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. കൂടാതെ, ക്ഷേമ പെൻഷനുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയും, പ്രവാസി പെൻഷൻ മുടക്കിയും, ലൈഫ് മിഷൻ പദ്ധതി തകർത്തും പിണറായി വിജയൻ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ ഇവർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡൽഹിയിൽ CJPയുടെ നേതൃത്വത്തിൽ നടന്ന യുവജന വിദ്യാർത്ഥി സമരവും ചരിത്രപരമായ കർഷക പ്രക്ഷോഭവും വിജയകരമാക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കാൻ സാധിച്ചു എന്നത് പോരാട്ടങ്ങൾക്ക് പുതിയ കരുത്തുപകരുന്ന കാര്യമാണെന്ന് അധ്യക്ഷപ്രസംഗത്തിൽ ലാലു വേങ്ങൂർ പറഞ്ഞു. ഭരണകൂട ഫാസിസത്തിനും ജനാധിപത്യ വിരുദ്ധതയ്ക്കുമെതിരെ വരുംദിനങ്ങളിലും ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്നും, രാജ്യത്തിന്റെ വൈവിധ്യങ്ങളെയോ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെയോ തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും ലാലു വേങ്ങൂർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ട്രഷറർ സി.എം. അബ്ദുറഹ്‌മാൻ, രക്ഷാധികാരി സമിതി അംഗം അബ്ദുള്ള മുല്ലപ്പള്ളി, മക്ക ഏരിയ യുവജന വേദി കൺവീനർ ഫൈസൽ എന്നിവർ ആശംസകൾ നേർന്നു. ഖാലിദ് ബിൻ വലീദ് ഏരിയ യുവജന വേദി കൺവീനർ ഷഫീഖ് പള്ളത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാർ ഹറാജ് ഏരിയ യുവജന വേദി കൺവീനർ റഫീഖ് പുലാമന്തോൾ നന്ദി പറഞ്ഞു.
ഫോട്ടോ: നവോദയ യുവജന വേദിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ കൺവീനർ ലാലു വേങ്ങൂർ സംസാരിക്കുന്നു.
Related News