ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി പ്രവാസികള്‍ക്കായി നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ 'നോര്‍ക്ക കെയര്‍' നെക്കുറിച്ചുള്ള വിശദീകരണവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. പദ്ധതിയില്‍ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 മുതല്‍ സെപ്റ്റംബര്‍ 18 വരെ ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് കൂടുതല്‍ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി പരിപാടി സംഘടിപ്പിച്ചത്.
യു.എം. ഹുസൈന്‍ മലപ്പുറത്തിന്റെ അധ്യക്ഷതയില്‍ ഷറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച പരിപാടി കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നോര്‍ക്കയുടെ വിവിധ പദ്ധതികളെക്കുറിച്ചും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളെക്കുറിച്ചും കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി നാണി മാസ്റ്റര്‍ വിശദമായി സംസാരിച്ചു. ലോകമെമ്പാടുമുള്ള കൂടുതല്‍ പ്രവാസികളെ ഈ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സമയപരിധി നീട്ടി നല്‍കിയ സാഹചര്യത്തില്‍ മുഴുവന്‍ പ്രവാസികളും ഈ അവസരം വിനിയോഗിക്കണമെന്നും, പ്രവാസി സംഘടനകള്‍ ആ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോര്‍ക്ക പ്രവാസി ഐ.ഡി. കാര്‍ഡുള്ള ജീവനക്കാര്‍ക്കും സ്റ്റുഡന്റ് വിസയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷിക്കാം. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് ലഭ്യമാകുന്നത്. 70 വയസ്സ് വരെയുള്ള പ്രവാസികള്‍ക്കും അംഗങ്ങളാകാം. നിലവിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നതും, മെഡിക്കല്‍ ടെസ്റ്റോ ഹെല്‍ത്ത് ഡിക്ലറേഷനോ ആവശ്യമില്ല എന്നതും പദ്ധതിയുടെ വലിയൊരു പ്രത്യേകതയാണ്. കേരളത്തിലെ 668 എണ്ണം ഉള്‍പ്പെടെ ഇന്ത്യയിലൊട്ടാകെയുള്ള 24,000-ത്തിലധികം ആശുപത്രികളില്‍ കാഷ്ലെസ് ചികിത്സാ സൗകര്യം ലഭ്യമാണ്.
നിലവില്‍ 1,32,000-ത്തിലധികം പ്രവാസികള്‍ പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ടെന്നും കഴിഞ്ഞ ജൂലൈ 31 വരെ 227 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് കൈമാറിയതായും, പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം പരമാവധി വിനിയോഗിക്കേണ്ടതാണെന്നും നാണി മാസ്റ്റര്‍ പറഞ്ഞു.
ചടങ്ങില്‍ നോര്‍ക്ക അംഗത്വം എടുത്തവര്‍ക്കുള്ള ഐ.ഡി. കാര്‍ഡ് നാസര്‍ സൈന്‍ തൃശൂര്‍ വിതരണം ചെയ്തു. ഫൈസല്‍ മക്കരപ്പറമ്പ്, ഗഫൂര്‍ വണ്ടൂര്‍, കമാല്‍ കളപ്പാടന്‍, സമീര്‍ പാണ്ടിക്കാട് എന്നിവര്‍ സംസാരിച്ചു. ഇസ്മയില്‍ കൂരിപ്പൊയില്‍ സ്വാഗതവും സി.പി. മുജീബ് നാണി നന്ദിയും പറഞ്ഞു.
എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 8 മണി മുതല്‍ ഷറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സേവന കേന്ദ്രം വഴി നോര്‍ക്കയുടെ വിവിധ പദ്ധതികളില്‍ ചേരുന്നതിനുള്ള സേവനങ്ങള്‍ സൗജന്യമായി ലഭിക്കുന്നതാണ്. നൗഷാദ് ബജറ്റ്, സാജു റിയാസ്, ഉസ്മാന്‍ മേലാറ്റൂര്‍, അനസ് നീലാഞ്ചേരി, ഉസ്മാന്‍ കുണ്ടുകാവില്‍, മുഹമ്മദ് ഓമാനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Related News