ജിദ്ദ: 2026-ലെ ആഗോള അക്കാദമിക് റാങ്കിംഗില്‍ (Academic Ranking of World Universities - ARWU) സൗദി അറേബ്യന്‍ സര്‍വ്വകലാശാലകള്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. ഗവേഷണ മികവിലും അക്കാദമിക നിലവാരത്തിലും മികച്ച പുരോഗതിയാണ് വിവിധ സര്‍വ്വകലാശാലകള്‍ കൈവരിച്ചിരിക്കുന്നത്. തായിഫ് സര്‍വകലാശാല കഴിഞ്ഞ വര്‍ഷത്തെ 627-ാം സ്ഥാനത്തു നിന്നും 219 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആഗോളതലത്തില്‍ 408-ാം റാങ്ക് നേടി. സൗദി സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ആറാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തേക്ക് ഉയരാനും തായിഫ് സര്‍വ്വകലാശാലയ്ക്ക് സാധിച്ചു. ശാസ്ത്രീയ ഗവേഷണങ്ങളും അക്കാദമിക മത്സരശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഫലമാണിത്.
റിയാദ് ആസ്ഥാനമായുള്ള ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ആഗോളതലത്തില്‍ 601-700 ബാന്‍ഡിലേക്ക് ഉയര്‍ന്നു. 2025-ല്‍ 901-1,000 ബാന്‍ഡിലായിരുന്നു സര്‍വ്വകലാശാല ഉണ്ടായിരുന്നത്. ഗവേഷണ നിലവാരം ഉയര്‍ത്തുക, ഗവേഷകര്‍ക്ക് പിന്തുണ നല്‍കുക, ഫണ്ടിംഗ് പ്രോഗ്രാമുകള്‍ വ്യാപിപ്പിക്കുക, അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി.
ആഗോളതലത്തില്‍ 901-1,000 ബാന്‍ഡില്‍ ഇടംനേടിയ ജിസാന്‍ സര്‍വ്വകലാശാല സൗദിയിലെ ആദ്യ 14 സര്‍വ്വകലാശാലകളില്‍ ഒന്നായി മാറി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സര്‍വ്വകലാശാല ഈ റാങ്കിംഗില്‍ ഇടംനേടുന്നത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സര്‍വ്വകലാശാല നടത്തുന്ന പരിശ്രമങ്ങളുടെ അംഗീകാരമാണിത്.
ഷാങ്ഹായ് റാങ്കിംഗ് പ്രസിദ്ധീകരിക്കുന്ന ഈ പട്ടികയില്‍, വിദ്യാഭ്യാസ നിലവാരം, ഫാക്കല്‍റ്റികളുടെ പ്രകടനം, ഗവേഷണ ഫലങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്തിലെ മികച്ച 1,000 സര്‍വ്വകലാശാലകളെ വര്‍ഷവും തെരഞ്ഞെടുക്കുന്നത്.
Related News