റിയാദ്: വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി സൗദി അറേബ്യയിലെ 11 റീജിയണുകളിലെ അധ്യാപകര്‍ ഇന്നലെ സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിച്ചു. അടുത്ത ആഴ്ച വിദ്യാര്‍ത്ഥികള്‍ തിരികെ എത്തുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് അധ്യാപകര്‍ എത്തിയത്.
ദീര്‍ഘകാലത്തെ അവധിക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച ജോലിയില്‍ പ്രവേശിച്ച അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും സൂപര്‍വൈസര്‍മാര്‍ക്കുമൊപ്പമാണ് അധ്യാപകരും ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്. ജൂണ്‍ 25-നാണ് ഇവര്‍ക്കായി അവധി ആരംഭിച്ചിരുന്നത്. ആകെ 58 ദിവസത്തെ അവധികളുള്ള പുതിയ അധ്യയന വര്‍ഷത്തിലേക്കാണ് ഇത്തവണ ഇവര്‍ പ്രവേശിക്കുന്നത്.
പൊതുവെ മറ്റു റീജിയണുകളില്‍ ഓഗസ്റ്റ് 23 മുതലാണ് വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്.
മക്ക, മദീന, ജിദ്ദ, തായിഫ് മേഖലകളില്‍ ഈ സമയക്രമത്തില്‍ വ്യത്യാസമുണ്ട്. ഹജ്ജ് സീസണിലെ പ്രവര്‍ത്തനങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത് മക്ക, മദീന, ജിദ്ദ, തായിഫ് എന്നീ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റുകളിലെ അഡ്മിനിസ്ട്രേറ്റര്‍മാരും എജ്യുക്കേഷണല്‍ സൂപ്പര്‍വൈസര്‍മാരും ഇന്നലെ സ്‌കൂളുകളിലെത്തി. അധ്യാപകര്‍ ഓഗസ്റ്റ് 23 നു എത്തും. വിദ്യാര്‍ത്ഥികളുടെ ക്ലാസ് തുടക്കം ഓഗസ്റ്റ് 30 നാണ്.
Related News