മക്ക: 2027 ലെ ഹജ്ജ് സീസണിന് മുന്നോടിയായി 75-ലേറെ രാജ്യങ്ങളിലെ ഹജ്ജ് കാര്യാലയങ്ങളുമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഹജ്ജ് ഒരുക്ക യോഗങ്ങള്‍ ആരംഭിച്ചു. തയ്യാറെടുപ്പുകള്‍ നേരത്തെ ആസൂത്രണം ചെയ്യുന്നതിനും, തീര്‍ത്ഥാടകരുടെ യാത്രകള്‍ സുഗമമാക്കുന്നതിനും, സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകള്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തുകയും ഹജ്ജ് കാര്യാലയങ്ങളുടെ പ്രവര്‍ത്തന പദ്ധതികള്‍ അവലോകനം ചെയ്യുകയും ചെയ്യും. കൂടാതെ ഹജ്ജ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
അംഗീകൃത സമയപരിധിക്കുള്ളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതിനായി ഹജ്ജ് കാര്യാലയങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും. തീര്‍ത്ഥാടകരെ സേവിക്കുന്നതിനും അവരുടെ യാത്ര സുഗമമാക്കുന്നതിനും ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തണമെന്ന നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 2027 ലെ ഹജ്ജിനായുള്ള പ്രാരംഭ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ യോഗങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളെയും പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാമിനെയും പിന്തുണയ്ക്കുന്നതാണ് ഈ നീക്കം. ഹജ്ജ് കാര്യാലയങ്ങളുമായും ബന്ധപ്പെട്ട അധികാരികളുമായും ഉള്ള ഏകോപനം ശക്തിപ്പെടുത്തുക, ഒരുക്കങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക, സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
തീര്‍ത്ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മനസ്സമാധാനത്തോടെ തങ്ങളുടെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും അവരുടെ ആത്മീയ അനുഭവം കൂടുതല്‍ സമ്പുഷ്ടമാക്കാനും ഇതു സഹായിക്കും.
അതേസമയം, ഈ വര്‍ഷത്തെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രകടനവും പ്രധാന പ്രവര്‍ത്തന നേട്ടങ്ങളും അവലോകനം ചെയ്യുന്നതിനായി മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍, ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി സിഇഒ മാസന്‍ ജോഹറുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ ഉംറ, ഹജ്ജ് സീസണുകളുടെ ഫലങ്ങളും, വിമാനത്താവളത്തിന്റെ കാര്യക്ഷമതയും യാത്രാനുഭവവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വികസന പദ്ധതികളുടെ പുരോഗതിയും ഭാവി പദ്ധതികളും യോഗത്തില്‍ ചര്‍ച്ചയായി.
ഈ വര്‍ഷം ആരംഭം മുതല്‍ ജൂലൈ അവസാനം വരെ 169,900 വിമാനങ്ങളിലായി ഏകദേശം 2.855 കോടി (28.55 ദശലക്ഷം) യാത്രക്കാര്‍ക്ക് വിമാനത്താവളം സേവനം നല്‍കിയതായി ഡെപ്യൂട്ടി ഗവര്‍ണര്‍ അവലോകനം ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Related News