റിയാദ്: ജനത്തിരക്കേറിയതും ഉയര്‍ന്ന അപകടസാധ്യതയുള്ളതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ പുതുക്കുന്നതിനും പുതിയത് അനുവദിക്കുന്നതിനും 'തേര്‍ഡ് പാര്‍ട്ടി കോഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ്' നിര്‍ബന്ധമാക്കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവരുമായി ബന്ധപ്പെടുന്ന മറ്റ് കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ താഴെ പറയുന്ന സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്:
* രാസവസ്തു സംഭരണശാലകള്‍
* ഉപയോഗിച്ച എണ്ണകളുടെ സംഭരണ കേന്ദ്രങ്ങള്‍
* അപകടകരമായ മെഡിക്കല്‍ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍
* എല്ലാത്തരം തടികളുടെയും മൊത്തവ്യാപാര കേന്ദ്രങ്ങള്‍
* വിവിധ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്ന പൊതു വെയര്‍ഹൗസുകള്‍
* കാര്‍ ടയര്‍ സംഭരണശാലകള്‍
* പെയിന്റ് നിര്‍മ്മാണ വ്യവസായങ്ങള്‍
* വ്യവസായിക ഡിറ്റര്‍ജന്റ് നിര്‍മ്മാണ യൂണിറ്റുകള്‍
ബന്ധപ്പെട്ട നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി, ഇത്തരം സ്ഥാപനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് ലൈസന്‍സിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായി ഈ ഇന്‍ഷുറന്‍സ് മാറും.
അംഗീകൃത നിയമപരമായ ആവശ്യകതകള്‍ പാലിക്കാന്‍ സ്ഥാപനങ്ങള്‍ സജ്ജമാണെന്ന് ഉറപ്പാക്കുക, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, അപകടങ്ങള്‍ മൂലം ഉണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ സിവില്‍ ഡിഫന്‍സ് ലക്ഷ്യമിടുന്നത്.
ലൈസന്‍സിനായി അപേക്ഷിക്കുന്നതിനോ പുതുക്കുന്നതിനോ മുന്‍പായി ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട എല്ലാ സ്ഥാപനങ്ങളും കോഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. മുന്‍കരുതല്‍, നിയന്ത്രണ, ഇന്‍ഷുറന്‍സ് വശങ്ങളെ സംയോജിപ്പിച്ച് സുരക്ഷ ശക്തമാക്കാന്‍ ഇത് സഹായിക്കും.
Related News