റിയാദ്- സൗദി അറേബ്യയെയും അവിടുത്തെ മനുഷ്യരെയും തന്റെ ക്യാമറക്കണ്ണുകളിലൂടെ അതിയായി പ്രണയിച്ച ആ കലാകാരന്‍ ഒടുവില്‍ ആ മണ്ണിലേക്ക് തന്നെ മടങ്ങി. ലോകപ്രശസ്ത ബ്രസീലിയന്‍ ഫോട്ടോഗ്രാഫര്‍ ഹുംബര്‍ട്ടോ ഡാ സില്‍വേരയുടെ ജനാസ നമസ്‌കാരം ദിരിയയിലെ അല്‍-അദൈബ മസ്ജിദില്‍ നടന്നു. ഇരുഹറം കാര്യാലയങ്ങളുടെ ഉപദേഷ്ടാവ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.
മരണത്തിന് ശേഷമാണ് ആ ഹൃദയസ്പര്‍ശിയായ സത്യം ലോകമറിഞ്ഞത്; 2024-ല്‍ ആരും അറിയാതെ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചിരുന്നു! താന്‍ ക്യാമറയില്‍ പകര്‍ത്തി ലോകത്തിന് കാട്ടിക്കൊടുത്ത ദിരിയയുടെ പവിത്രമായ മണ്ണില്‍ വച്ച്, ഒരു മുസ്ലിമായി തന്നെ അദ്ദേഹത്തിന് വിട നല്‍കി.
ആരെയും അറിയിക്കാതെ, എവിടെയും പരസ്യപ്പെടുത്താതെ അദ്ദേഹം മനസ്സില്‍ കാത്തുവെച്ച ഇസ്ലാമിലേക്കുള്ള ആ യാത്ര മരണശേഷമാണ് പുറത്തറിഞ്ഞത്. ആദ്യ സൗദി ഭരണകൂടത്തിന്റെ ഹൃദയഭൂമിയായ ദിരിയയുടെ പ്രകൃതിയും ചരിത്രവും വര്‍ഷങ്ങളോളം പകര്‍ത്തിയ ആ ഫോട്ടോഗ്രാഫര്‍ക്ക് അതേ മണ്ണില്‍ വച്ച് തന്നെ ജനാസ നമസ്‌കാരമര്‍പ്പിക്കാനായത് ഏവരെയും ഈറനണിയിച്ചു.
നമസ്‌കാര ചടങ്ങില്‍ ഒട്ടേറെ പ്രമുഖരും സഹപ്രവര്‍ത്തകരും പങ്കെടുത്തു. സൗദിയിലെ ബ്രസീലിയന്‍ അംബാസഡര്‍ പൗലോ ഒച്ചോവ റിബെയ്‌റോ ഫില്‍ഹോയും ചടങ്ങില്‍ സന്നിഹിതനായി അനുശോചനം അറിയിച്ചു.
നാല്‍പ്പതിലേറെ വര്‍ഷങ്ങളാണ് ഹുംബര്‍ട്ടോ സൗദി അറേബ്യയില്‍ കഴിച്ചുകൂട്ടിയത്. ഈ രാജ്യത്തെ തന്റെ സ്വന്തം വീടായി കണ്ട അദ്ദേഹം മറ്റ് എവിടെയും ജീവിക്കാന്‍ ആഗ്രഹിച്ചില്ല. സൗദിയുടെ മണ്ണും മനുഷ്യരും പാരമ്പര്യവും വാസ്തുവിദ്യയും മാറുന്ന കാലവും അദ്ദേഹം തന്റെ ലെന്‍സുകളിലൂടെ ഒപ്പിയെടുത്തു. സൗദിയുടെ ദൃശ്യചരിത്രം സംരക്ഷിക്കുന്നതില്‍ അതിപ്രധാന പങ്കാണ് അദ്ദേഹം വഹിച്ചത്.
ഹെറിറ്റേജ് ഫൗണ്ടേഷനുമായി ചേര്‍ന്ന് അബ്ദുല്‍ അസീസ് രാജാവ്, സൗദ് രാജാവ്, ഫൈസല്‍ രാജാവ് എന്നിവരുടെ ജീവചരിത്രപരമായ ഫോട്ടോ ഡോക്യുമെന്ററികളും പുസ്തകങ്ങളും അദ്ദേഹം ഒരുക്കി. 'നജ്ദ്', 'ബദവി', 'ഹജര്‍' തുടങ്ങിയ അദ്ദേഹത്തിന്റെ വിഖ്യാത പ്രോജക്ടുകളും കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ലൈബ്രറിയുമായി സഹകരിച്ചുള്ള സൃഷ്ടികളും വരുംതലമുറകള്‍ക്കായി ചരിത്രം കാത്തുസൂക്ഷിക്കും.
താന്‍ പ്രണയിച്ച മണ്ണില്‍നിന്ന് ഹുംബര്‍ട്ടോ വിടപറഞ്ഞു. എന്നാല്‍, നാല് പതിറ്റാണ്ട് നീണ്ട ആ ആത്മാര്‍ത്ഥതയുടെയും സ്‌നേഹത്തിന്റെയും തെളിവായി ആ ചിത്രങ്ങള്‍ വരുംകാലങ്ങളിലും ഇവിടെ നിലനില്‍ക്കും.
Related News