ജിദ്ദ: പ്രവാസ ലോകത്ത് തലമുറമാറ്റം സംഭവിക്കുമ്പോള്‍, പുതുതായി പ്രവാസികളായി എത്തുന്ന 'ജെന്‍ സി' തലമുറയെ സംഘടനാ രംഗത്തേക്കും ജീവകാരുണ്യ സേവന രംഗത്തേക്കും അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടു മാസം നീണ്ടുനില്‍ക്കുന്ന സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 21 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം നടക്കുന്ന 'നവാഗത സംഗമത്തില്‍' എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
നവാഗത ക്യാമ്പയിന് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗം അന്തിമരൂപം നല്‍കി. ജിദ്ദയിലെ കെഎംസിസി ജില്ലാ ഭാരവാഹികള്‍, ഏരിയാ ഭാരവാഹികള്‍, മണ്ഡലം-പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പുറമേ അതാതു ഘടകങ്ങള്‍ മുഖേന മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 5 വീതം നവാഗത പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കേണ്ടത്.
സെന്‍ട്രല്‍ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. ഭാരവാഹികളായ എ.കെ. ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസര്‍ മച്ചിങ്ങല്‍, ജലാല്‍ തേഞ്ഞിപ്പലം, ഷൗക്കത്ത് ഞാറക്കോടന്‍, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, ഹസ്സന്‍ ബത്തേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Related News