ദമാസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അബു ദുഹൂര്‍ വ്യോമസേനാ താവളത്തിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. സിറിയയില്‍ തുര്‍ക്കി സൈന്യത്തെ വിന്യസിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ ന്യായീകരണം.
ഇദ്ലിബ് പ്രവിശ്യയിലെ വ്യോമസേനാ താവളത്തിലെ റണ്‍വേ ലക്ഷ്യമിട്ട് എട്ട് തവണ ആക്രമണമുണ്ടായതായി സിറിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ റണ്‍വേയ്ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമൊന്നുമില്ല. ആക്രമണത്തെ ശക്തമായി അപലപിച്ച സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ഷിബാനി, ഇത് സിറിയയുടെ പരമാധികാരത്തിന്മേലുള്ള ലംഘനവും മേഖലയിലെ സുസ്ഥിരതയ്ക്ക് ഭീഷണിയുമാണെന്ന് വ്യക്തമാക്കി.
തുര്‍ക്കി സൈന്യത്തെ വിന്യസിക്കാന്‍ അനുവദിക്കുന്നതിലൂടെ മുന്‍പ് ധാരണയായ സുരക്ഷാ വ്യവസ്ഥകള്‍ ലംഘിക്കാന്‍ സിറിയ മുതിര്‍ന്നതിനാലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഇസ്രായേലിന്റെ വാദങ്ങള്‍ തള്ളിയ തുര്‍ക്കി, അനധികൃത ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണിതെന്ന് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ കടന്നുകയറ്റങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയവും എ.കെ പാര്‍ട്ടി വക്താവ് ഒമര്‍ സെലിക്കും ആവശ്യപ്പെട്ടു.
സംഭവത്തില്‍ അമേരിക്ക കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇസ്രായേലിന്റെ ഈ നടപടി മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് തുര്‍ക്കിയിലെ യു.എസ് അംബാസഡറും സിറിയയിലെ പ്രത്യേക പ്രതിനിധിയുമായ ടോം ബരാക് വ്യക്തമാക്കി. ഖത്തര്‍, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചു.
2024 ഡിസംബറില്‍ ബഷര്‍ അല്‍ അസദിന്റെ ഭരണം വീണതിന് ശേഷം ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷാറയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരുമായി തുര്‍ക്കി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. സിറിയന്‍ സൈന്യത്തിന് പരിശീലനവും അടിസ്ഥാനസൗകര്യ വികസനത്തിനും തുര്‍ക്കി പിന്തുണ നല്‍കുന്നുണ്ട്. അതേസമയം, സിറിയന്‍ സൈന്യം വീണ്ടും ശക്തമാകുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്ന നിലപാടിലാണ് ഇസ്രായേല്‍.
Related News