കോഴിക്കോട്: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നിരന്തരം നല്‍കിയ അമൂല്യമായ സംഭാവനകള്‍ക്കുള്ള അംഗീകാരവും പ്രത്യുപകാരവുമായിട്ടാണ് പ്രവാസി ക്ഷേമ പദ്ധതികളെ കാണേണ്ടതെന്നും അതിനനുസരിച്ചുള്ള അര്‍ഹമായ പരിഗണന പ്രവാസി പെന്‍ഷനുള്‍പ്പടെയുള്ള ക്ഷേമ പദ്ധതികള്‍ക്ക് നല്‍കണമെന്നും നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ് ആവശ്യപ്പെട്ടു.
പുനരധിവാസം ഉള്‍പ്പെടെ പ്രവാസികള്‍ നേരിടുന്ന ഗൗരവതരമായ പല പ്രശ്‌നങ്ങള്‍ക്കും ഇപ്പോഴും വേണ്ടത്ര പരിഹാരമായിട്ടില്ല. പെന്‍ഷനും ഇന്‍ഷുറന്‍സ് പരിരക്ഷയും മതിയായ തോതിലല്ല ലഭ്യമാകുന്നത്. പ്രവാസി യാത്രികരില്‍ നിന്ന് വിമാനക്കമ്പനികള്‍ ഈടാക്കുന്ന കൊള്ളലാഭത്തിന് യാതൊരു നിയന്ത്രണവുമില്ല. വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കാത്തത് പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വലിയ തടസ്സമായി നിലനില്‍ക്കുന്നു. പ്രവാസികള്‍ നേരിടുന്ന വിഷയങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാഷണല്‍ പ്രവാസി ലീഗ് സംഘടിപ്പിച്ച പ്രവാസി സംരംഭക ബോധവല്‍ക്കരണ ശില്‍പ്പശാല കോഴിക്കോട് കൈരളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ടി. ബഷീര്‍ അഹമ്മദ് ബേപ്പൂര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് വ്യവസായ ഓഫീസര്‍ വി.കെ. സുധീഷ് കുമാര്‍, റിട്ട. ജോയിന്റ് രജിസ്ട്രാര്‍ ടി.എച്ച്. ഹരീഷ് കുമാര്‍, ലൈഫ് കോച്ചും എന്‍.എല്‍.പി. ട്രെയിനറുമായ ഇ.കെ. സിദ്ദീഖ് കോവൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകളെടുത്തു.
വ്യവസായി മുഹമ്മദ് ഉണ്ണി ഒളകര മുഖ്യാതിഥിയായും, കെ.പി. അബ്ദുള്‍ ജലീല്‍, മാധ്യമപ്രവര്‍ത്തകന്‍ ഷംസു പൈങ്ങാളില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായും പങ്കെടുത്തു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജെയിംസ് കാഞ്ഞിരത്തിങ്കല്‍, കെ. അബ്ദുള്‍ ലത്തീഫ് തിരൂര്‍, പ്രൊഫ. കെ.കെ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബി.കെ. സാലിം ബേക്കല്‍ സ്വാഗതവും സെക്രട്ടറി സലീം തൈക്കണ്ടി നന്ദിയും പറഞ്ഞു.
Related News