ജിദ്ദ: പ്രവാചകനോടുള്ള സ്‌നേഹം വര്‍ഷത്തില്‍ ഒരു ദിവസം മാത്രം നിര്‍വ്വഹിക്കേണ്ട ഒരു ആചാരമല്ലെന്നും ഒരു വിശ്വസിയുടെ ജീവിതത്തിലുടനീളം ഉണ്ടാകേണ്ടതാണെന്നും യുവ ഇസ്ലാഹീ പ്രഭാഷകനും കണ്ണൂര്‍ ദാറുല്‍ ബയ്യിനാ കോളേജ് പ്രിന്‍സിപ്പലുമായ ഫര്‍ഹാന്‍ സ്വലാഹി അഭിപ്രായപ്പെട്ടു. 'പ്രവാചകസ്‌നേഹം : ആഘോഷമല്ല, അനുധാവനമാണ്' എന്ന വിഷയത്തെ ആസ്പതമാക്കി ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം അനുയായികള്‍ മുഹമ്മദ് നബിയെ സ്‌നേഹിക്കുന്ന പോലെ ലോകത്ത് ഒരു നേതാവും തന്റെ അണികളാല്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന് അക്കാലത്ത് മക്കയില്‍ ജീവിച്ച പ്രവാചകന്റെ ശത്രുക്കള്‍ പോലും അഭിപ്രായപ്പെട്ടിരുന്നു. പ്രവാചകന്‍ മദീനയിലേക്ക് വന്ന ദിവസം അവിടുത്തുകാര്‍ സന്തോഷിച്ചത്‌പോലെ പിന്നീട് ഒരിക്കലും അവര്‍ സന്തോഷിച്ചിട്ടില്ലെന്ന് ചരിത്രത്തില്‍ കാണാവുന്നതാണ്. യുദ്ധത്തിലും മറ്റു സന്നിഗ്ദ്ധ ഘട്ടത്തിലുമൊക്കെ സ്വന്തം ശരീരംകൊണ്ട് പ്രവാചകന് സംരക്ഷണം നല്‍കാന്‍ അദേഹത്തിന്റെ അനുയായികള്‍ എന്നും മുന്നിലായിരുന്നു. എന്നാല്‍ അത്രത്തോളം അദ്ദേഹത്തെ സ്‌നേഹിച്ച അനുജരന്‍മാര്‍ ആരും തന്നെ ഇന്ന് കാണുന്നത് പോലെ പ്രവാചകന്റെ ജന്മദിനം കൊണ്ടാടുകയോ അന്നത്തെ ദിവസം പ്രത്യേകമായി എന്തെങ്കിലും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയോ ചെയ്തിട്ടില്ല.
പ്രവാചകന്റെ കാലശേഷം 3 നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ട് ഷിയാക്കള്‍ ആരംഭിക്കുകയും പിന്നെയും 3 നൂറ്റാണ്ടുകള്‍ക്ക് ശേഷം മുളഫ്ഫര്‍ രാജാവ് ഏറ്റെടുക്കയും ചെയ്തതതിന് ശേഷമാണ് ഇങ്ങനെയൊരു ആചാരം മുസ്ലിങ്ങള്‍ക്കിടയിലേക്ക് കടന്നുവന്നത്. പ്രവാചകന്റെ അനുയായികള്‍, പിന്നീട് ആദ്യത്തെ 3 നൂറ്റാണ്ടിലെ മുസ്ലിംകള്‍, കര്‍മ്മശാസ്ത്ര ഇമാമുകള്‍, ഹദീസ് പണ്ഡിതന്‍മാര്‍ തുടങ്ങി ആര്‍ക്കും പരിചയമില്ലാത്ത ഈ ആചാരം നബി (സ) ജനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത സൗദി അറേബ്യയില്‍ ഇന്നുമില്ല എന്നും നാമോര്‍ക്കണം. അതിനാല്‍ പ്രവാചകസ്‌നേഹം കേവലം ഒരു ദിവസത്തിലോ മാസത്തിലോ ഒതുക്കാതെ ജീവിതകാലം മുഴുവന്‍ അദേഹത്തിന്റെയും അനുജരന്മാരുടെയും മാതൃക ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് നാം മുന്നോട്ട് പോകണമെന്നും അദ്ദേഹം ഉണര്‍ത്തി.
നേരത്തെ സനയ്യാ ജാലിയാത്ത് മേധാവി ശൈഖ് ഇബ്രാഹിം ബിന്‍ ഖലീല്‍ അല്‍ റായി സംഗമം ഉദ്ഘാടനം ചെയ്തു. നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇസ്സുദ്ധീന്‍ സ്വലാഹി സ്വാഗതം ആശംസിക്കുകയും ഷാഫി ആലപ്പുഴ നന്ദിയറിയിക്കുകയും ചെയ്തു.
Related News