ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ (യു.എ.ഇ) ലക്ഷ്യമാക്കി ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ വിക്ഷേപിച്ച മിസൈലുകളിലൊന്ന് യു.എ.ഇയുടെ അതിര്‍ത്തിക്ക് പുറത്തും രണ്ടാമത്തേത് അതിര്‍ത്തിക്കുള്ളിലെ സമുദ്രഭാഗത്തുമാണ് പതിച്ചതെന്ന് മന്ത്രാലയം 'എക്‌സ്' പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
ഏതുതരം സുരക്ഷാ ഭീഷണികളെയും നേരിടാന്‍ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് മുന്നോടിയായി, രാജ്യത്ത് സാധ്യതാ മിസൈല്‍ ഭീഷണിയുണ്ടെന്നും തൊട്ടടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാണമെന്നും കാണിച്ച് യു.എ.ഇ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് ഫോണ്‍ അലേര്‍ട്ട് നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിക്കുന്നത്. തുടര്‍ന്ന് ഭീഷണി ഒഴിഞ്ഞതോടെ അലേര്‍ട്ട് പിന്‍വലിക്കുകയും ചെയ്തു.
കഴിഞ്ഞ ജൂണിലെ വ്യാജ മുന്നറിയിപ്പിനും ജൂലൈയില്‍ യു.എ.ഇ അതിര്‍ത്തി കടക്കാതെ പോയ ആക്രമണത്തിനും ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്. അതിന് മുമ്പ് മേയ് മാസത്തിന്റെ തുടക്കത്തിലാണ് മിസൈല്‍ മുന്നറിയിപ്പ് ഉണ്ടായത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യു.എ.ഇയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ ടാങ്കറുകള്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടന്നിരുന്നു. ഫെബ്രുവരി 28-ന് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ച ഘട്ടത്തില്‍, 3,000-ത്തോളം മിസൈലുകളും ഡ്രോണുകളുമാണ് ഇറാന്‍ യു.എ.ഇയെ ലക്ഷ്യമിട്ട് അയച്ചിരുന്നത്. തുടര്‍ന്ന് ജൂണില്‍ ഇരുരാജ്യങ്ങളും തമ്മില്‍ താല്‍ക്കാലിക ധാരണയിലായെങ്കിലും പിന്നീട് അത് തകരുകയായിരുന്നു.
Related News