റിയാദ്: തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യത്തിന് ഔദ്യോഗിക തുടക്കം കുറിച്ചതായി സൗദി മന്ത്രിസഭ അറിയിച്ചു. ആവശ്യമായ സംഘടനാ, ആസൂത്രണ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ചൊവ്വാഴ്ച ചേര്‍ന്ന സൗദി കാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
മേഖലയിലെ കൂട്ടായ നാവിക സുരക്ഷ ഉറപ്പാക്കുക, അന്താരാഷ്ട്ര വാണിജ്യ പാതകളിലെയും തന്ത്രപ്രധാനമായ കടലിടുക്കുകളിലെയും കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുക, ആഗോള വിതരണ ശൃംഖലയുടെ തടസ്സമില്ലാത്ത പ്രവര്‍ത്തനം ഉറപ്പാക്കുക എന്നിവയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
അതേസമയം, വാണിജ്യ കപ്പലുകള്‍ക്കും ടാങ്കറുകള്‍ക്കും നേരെ ഇറാന്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഇത്തരം നീക്കങ്ങള്‍ ഗുരുതരമായ സുരക്ഷാ ഭീഷണിയും അപകടകരമായ സാഹചര്യവുമാണ് സൃഷ്ടിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന്റെ പരസ്യമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സൗദി കാബിനറ്റ് വ്യക്തമാക്കി. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഏതൊരു നീക്കവും അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നാവിക സുരക്ഷയ്ക്ക് ഇത് വലിയ വെല്ലുവിളിയാണെന്നും മന്ത്രിസഭ കൂട്ടിച്ചേര്‍ത്തു.
Related News