തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനനും വൈദ്യുതി മന്ത്രി കെ. സണ്ണി ജോസഫും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പരിഹാരമാകുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച.
ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലെ നിയമനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് കൂടിക്കാഴ്ച നിശ്ചയിച്ചതെങ്കിലും ജിഎന്‍എ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചയായി. കരാര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ തുടര്‍ന്നുള്ള പരസ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനും ധാരണയായതായാണ് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാനും ധാരണയായിട്ടുണ്ട്. തീരുമാനമായിട്ടുള്ള ബോര്‍ഡുകളില്‍ വേഗത്തില്‍ നിയമനം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട നയപരമായ അഭിപ്രായവ്യത്യാസങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചത്. ഹിമാചല്‍ പ്രദേശില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള മന്ത്രിയുടെ താല്‍പര്യത്തിന് വിരുദ്ധമായി ജിഎന്‍എ കരാറുമായി മുന്നോട്ടുപോകാനായിരുന്നു മുഖ്യമന്ത്രിയുടെ നിലപാടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വൈദ്യുതി വകുപ്പിലെ പല തീരുമാനങ്ങളും മന്ത്രി അറിയാതെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ഇരുവരും നടത്തിയ പരസ്യ പ്രതികരണങ്ങള്‍ വിവാദം കൂടുതല്‍ രൂക്ഷമാക്കി. വൈദ്യുതി കരാറിനെക്കുറിച്ചുള്ള ആദ്യഘട്ട പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടില്‍നിന്ന് വ്യത്യസ്തമായിരുന്നു മന്ത്രിയുടെ നിലപാട്. പിന്നീട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
സംസ്ഥാനത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ കരാര്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയത്. കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍. പ്രശാന്ത് മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതും വിവാദത്തിന് ആക്കം കൂട്ടിയിരുന്നു. ഇതിനു പിന്നാലെ ചെയര്‍മാന്‍ വൈദ്യുതി മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി ബോര്‍ഡിന്റെ നിലവിലെ സ്ഥിതിയും പുതിയ പദ്ധതികളും വിശദീകരിച്ചിരുന്നു.
Related News