റിയാദ്: സൗദി അറേബ്യയ്ക്കുനേരെ യെമനിലെ ഹൂതി വിമതരുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കുന്ന കാലാവധി നീട്ടി വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍. സുരക്ഷാ ആശങ്കകളെ തുടര്‍ന്നാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത്.
ഇന്ത്യന്‍ വിമാനക്കമ്പനിയായ ആകാശ എയര്‍ റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള എല്ലാ സര്‍വീസുകളും നവംബര്‍ 30 വരെ നിര്‍ത്തിവെക്കുന്നതായി അറിയിച്ചു. ഇന്‍ഡിഗോയും സര്‍വീസ് റദ്ദാക്കല്‍ നീട്ടിയിട്ടുണ്ട്. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നവംബര്‍ 21 വരെയും റിയാദ്, ദമാം സര്‍വീസുകള്‍ നവംബര്‍ 30 വരെയുമാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും നിലവിലെ സുരക്ഷാ സാഹചര്യം വിശദമായി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്നും ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് റീബുക്കിങ്, പണം തിരിച്ചുനല്‍കല്‍, ബദല്‍ യാത്രാസംവിധാനങ്ങള്‍ എന്നിവ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി.
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും റിയാദ്, ജിദ്ദ, ദമാം നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 14 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. യൂറോപ്യന്‍ വിമാനക്കമ്പനികളും സര്‍വീസ് നിയന്ത്രണം നീട്ടിയിട്ടുണ്ട്. കെ.എല്‍.എം റിയാദ്, ദമാം സര്‍വീസുകള്‍ നവംബര്‍ 27 വരെ റദ്ദാക്കി. ലണ്ടന്റിയാദ് സര്‍വീസ് പുനരാരംഭിക്കുന്നത് ബ്രിട്ടീഷ് എയര്‍വേസ് 2027 ജനുവരി 11ലേക്ക് മാറ്റി.
യു.എ.ഇയുടെ ഇത്തിഹാദ് എയര്‍വേസ് റിയാദ്, ദമാം സര്‍വീസുകള്‍ നവംബര്‍ 19 വരെയും ഒമാന്റെ സലാം എയര്‍ ഈ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെയും റദ്ദാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ പകുതി മുതല്‍ ഇന്‍ഡിഗോ പലതവണ സര്‍വീസ് റദ്ദാക്കല്‍ നീട്ടിയിട്ടുണ്ട്. മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. സൗദിയിലേക്ക് യാത്ര ചെയ്യാനിരിക്കുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളില്‍നിന്ന് ഏറ്റവും പുതിയ സര്‍വീസ് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.
Related News