റിയാദ്: തെക്കന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെയും സൗദി പ്രവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ സൗദി എയര്‍ലൈന്‍സിന്റെ 'പോയിന്റ് ഓഫ് കോള്‍' ആയി അടിയന്തരമായി അനുവദിക്കണമെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍നിന്നും തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗര്‍, ശിവഗംഗ തുടങ്ങിയ തെക്കന്‍ ജില്ലകളില്‍നിന്നുമുള്ള ആയിരക്കണക്കിന് പ്രവാസികളാണ് യാത്രയ്ക്കായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ ആശ്രയിക്കുന്നത്.
റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരത്തേക്ക് സൗദിയ നേരിട്ട് സര്‍വീസ് നടത്തിയിരുന്നെങ്കിലും 2019-ല്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ തെക്കന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികള്‍ വലിയ യാത്രാദുരിതമാണ് നേരിടുന്നത്. നേരിട്ടുള്ള സര്‍വീസ് ഇല്ലാത്തതിനാല്‍ കൊച്ചി, കോഴിക്കോട് തുടങ്ങിയ വിമാനത്താവളങ്ങളെ ആശ്രയിച്ച് ദീര്‍ഘദൂരം റോഡ് മാര്‍ഗം യാത്ര ചെയ്യേണ്ടിവരുന്നതും മറ്റ് നഗരങ്ങള്‍ വഴി കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതും യാത്രക്കാര്‍ക്ക് അധിക ചെലവും സമയനഷ്ടവും ഉണ്ടാക്കുന്നു.
സൗദി എയര്‍ലൈന്‍സ് സര്‍വീസ് തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതിന് പ്രധാന കാരണങ്ങളിലൊന്ന്, സൗദിയിലെ സര്‍ക്കാര്‍ മേഖലയിലെയും പ്രമുഖ കമ്പനികളിലെയും ജീവനക്കാര്‍ക്ക് ഔദ്യോഗിക യാത്രകള്‍ക്കായി സാധാരണയായി സൗദി എയര്‍ലൈന്‍സിന്റെ ടിക്കറ്റുകളാണ് ലഭിക്കുന്നത് എന്നതാണ്. അതിനാല്‍ റിയാദും തിരുവനന്തപുരവും തമ്മില്‍ സൗദിയയുടെ നേരിട്ടുള്ള സര്‍വീസ് ലഭ്യമാകുന്നത് സര്‍ക്കാര്‍ മേഖലയിലും പ്രമുഖ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാകും. നിലവില്‍ സൗദിയ ടിക്കറ്റ് ലഭിക്കുന്ന പലര്‍ക്കും നേരിട്ടുള്ള സര്‍വീസ് ഇല്ലാത്തതിനാല്‍ മറ്റ് വിമാനത്താവളങ്ങളിലൂടെയോ കണക്ഷന്‍ സര്‍വീസുകളിലൂടെയോ യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്.
പ്രത്യേകിച്ച് 30 മുതല്‍ 45 ദിവസം വരെ മാത്രം വാര്‍ഷിക അവധി ലഭിക്കുന്ന പ്രവാസികള്‍ക്ക് യാത്രയ്ക്കായി അധികമായി നഷ്ടപ്പെടുന്ന ഓരോ ദിവസവും ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബസമേതം യാത്ര ചെയ്യുന്നവര്‍, പ്രായമായവര്‍, രോഗികള്‍ എന്നിവര്‍ക്കും നിലവിലെ യാത്രാ സാഹചര്യം വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ഈ ആവശ്യം ഉന്നയിച്ച് ഫോറം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും (GACA) വിവിധ ഘട്ടങ്ങളില്‍ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. അഡ്വ. അടൂര്‍ പ്രകാശ് എം.പിയുടെ ഇടപെടലിലൂടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നല്‍കുകയും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെക്കന്‍ ജില്ലകളില്‍ നിന്നുള്ള എം.പിമാര്‍ക്കും വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഫോറം നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്.
അതോടൊപ്പം കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുഖ്യമന്ത്രിമാര്‍ക്കും ഇരു സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും ഫോറം നിവേദനം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തെ സൗദിയയുടെ പോയിന്റ് ഓഫ് കോള്‍ ആയി അനുവദിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും ഇടപെടലും ഉണ്ടാകണമെന്നാണ് ഫോറത്തിന്റെ ആവശ്യം.
റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും നിവേദനം സമര്‍പ്പിക്കുകയും, തുടര്‍ന്ന് ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോറം പ്രതിനിധികള്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു. യാത്രക്കാരുടെ ബുദ്ധിമുട്ടുകളും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സര്‍വീസ് പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും എംബസി അധികൃതരെ ബോധ്യപ്പെടുത്തിയതായി ഫോറം അറിയിച്ചു.
GACA അധികൃതരുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലും വിഷയത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. ആവശ്യമായ അനുമതികള്‍ ഇന്ത്യാ ഗവണ്‍മെന്റില്‍നിന്ന് ലഭിക്കുന്ന പക്ഷം തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സ് സന്നദ്ധമാണെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കിയതായി ഫോറം അറിയിച്ചു. നിലവിലുള്ള ഇന്ത്യസൗദി എയര്‍ സര്‍വീസ് കരാറിന്റെ പരിധിയില്‍ ആവശ്യമായ സീറ്റ് അവകാശം ലഭ്യമാണെന്നിരിക്കെ, തിരുവനന്തപുരത്തെ സൗദിയയുടെ പോയിന്റ് ഓഫ് കോള്‍ ആയി അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഫോറത്തിന്റെ ആവശ്യം.
തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ നേരിട്ടുള്ള സര്‍വീസ് ലഭിക്കുന്നത് തെക്കന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികള്‍ക്ക് മാത്രമല്ല, ഇന്ത്യസൗദി വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, കുടുംബബന്ധങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകും. കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര കണക്റ്റിവിറ്റിയും കാര്‍ഗോ സാധ്യതകളും കൂടുതല്‍ പ്രയോജനപ്പെടുത്താനും ഇതുവഴി സാധിക്കും.
കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്താന്‍ അനുമതിയുള്ള സാഹചര്യത്തില്‍, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെയും അതേ പരിഗണനയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഫോറം ആവശ്യപ്പെടുന്നത്. മെട്രോ നഗരമല്ലാത്ത വിമാനത്താവളങ്ങളിലേക്ക് വിദേശ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കില്ലെന്ന നിലപാട് തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ മാത്രം ബാധകമാക്കുന്നത് യുക്തിസഹമല്ലെന്നും ഫോറം ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള യാത്രക്കാരെ ഏകോപിപ്പിക്കുന്ന കൂട്ടായ്മയാണ് തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം. 1,500-ലധികം അംഗങ്ങളുള്ള ഫോറത്തിന്റെ പ്രവര്‍ത്തനം റിയാദില്‍ മാത്രം ഒതുങ്ങുന്നതല്ല. ദമാം, ജിദ്ദ ഉള്‍പ്പെടെ സൗദിയടെ വിവിധ ഭാഗങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെക്കന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണുന്നതുവരെ ഈ ആവശ്യം ശക്തമായി ഉന്നയിക്കുമെന്ന് ഫോറം വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തെ സൗദി എയര്‍ലൈന്‍സിന്റെ പോയിന്റ് ഓഫ് കോള്‍ ആയി പ്രഖ്യാപിച്ച് നേരിട്ടുള്ള സര്‍വീസ് പുനഃസ്ഥാപിക്കുന്നതിനുള്ള അനുകൂല തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര, ട്രഷറര്‍ ബഷീര്‍ കോട്ടയം, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി, എക്സിക്യൂട്ടീവ് അംഗം ഷാജു പത്തനാപുരം എന്നിവര്‍ പങ്കെടുത്തു.
Related News