ന്യൂഡല്‍ഹി: വെസ്റ്റ് ബാങ്കില്‍ അത്യാധുനിക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നതിനായി ഇന്ത്യയും പലസ്തീന്‍ അതോറിറ്റിയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ന്യൂഡല്‍ഹിയിലെ പലസ്തീന്‍ എംബസി നടത്തിയ അന്താരാഷ്ട്ര സഹായ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് നടപടി.
ജനിനില്‍ നിര്‍മ്മിക്കുന്ന 200 ബെഡ്ഡുകളുള്ള 'ഇന്ത്യന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി'യുടെ തറക്കല്ലിടല്‍ കര്‍മ്മം പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയും ഇന്ത്യന്‍ വിദേശകാര്യ ഉപമന്ത്രി ശ്രീപ്രിയ രംഗനാഥനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ട്രോമ സെന്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ഈ ആശുപത്രി ജനിനിലെയും വടക്കന്‍ വെസ്റ്റ് ബാങ്കിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് പലസ്തീനിലെ ഇന്ത്യന്‍ പ്രതിനിധി ഓഫീസ് വ്യക്തമാക്കി.
ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ആരോഗ്യമേഖല പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം. മരുന്നുകളുടെയും വൈദ്യശാസ്ത്ര ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം മൂലം പതിനായിരക്കണക്കിന് ശസ്ത്രക്രിയകളാണ് പലസ്തീനില്‍ മാറ്റിവെച്ചിരിക്കുന്നത്.
വിദേശകാര്യ ഉപമന്ത്രി ശ്രീപ്രിയ രംഗനാഥന്‍ പലസ്തീന്‍ ആരോഗ്യ മന്ത്രി മാജിദ് അബു റമദാനുമായി കൂടിക്കാഴ്ച നടത്തുകയും അടിയന്തര മരുന്നുകളുടെ ഒരു ശേഖരം കൈമാറുകയും ചെയ്തു. കൂടാതെ കൃത്രിമ അവയവങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും ഗാസയ്ക്കായി മൊബൈല്‍ ഹെല്‍ത്ത് സെന്റര്‍ നല്‍കുന്നതിനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
ഫോട്ടോ: ഇന്ത്യന്‍ വിദേശകാര്യ ഉപമന്ത്രി ശ്രീപ്രിയ രംഗനാഥന്‍ അടിയന്തര മരുന്നുകളുടെ ശേഖരം പലസ്തീന്‍ ആരോഗ്യ മന്ത്രി മാജിദ് അബു റമദാന് കൈമാറുന്നു.
Related News