ദോഹ: ബോയിങ് 787 വിമാനങ്ങളില്‍ അതിവേഗ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വൈഫൈ സേവനം ലഭ്യമാക്കുന്ന പ്രക്രിയ 2026 അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ഖത്തര്‍ എയര്‍വേസ്. നിലവില്‍ പകുതിയിലധികം വിമാനങ്ങളിലും ഈ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ആഗോളതലത്തില്‍ ആദ്യമായി ബോയിങ് 787-9 വിമാനത്തില്‍ സ്റ്റാര്‍ലിങ്ക് വൈഫൈ ലഭ്യമാക്കിയത് ഉള്‍പ്പെടെ, ആകെ 150 വൈഡ് ബോഡി വിമാനങ്ങളിലാണ് എയര്‍ലൈന്‍ ഇതുവരെ ഈ സേവനം സജ്ജീകരിച്ചിരിക്കുന്നത്.
ഏഴു മാസത്തിനുള്ളില്‍ ബോയിങ് 787-8 നിരയിലെ മുഴുവന്‍ വിമാനങ്ങളിലും സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി. ബോയിങ് 777, എയര്‍ബസ് എ350, ബോയിങ് 787 എന്നീ വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ലിങ്ക് സേവനം നല്‍കുന്ന ലോകത്തിലെ ആദ്യത്തെ എയര്‍ലൈനായി ഖത്തര്‍ എയര്‍വേസ് മാറിയെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍പ് ഒന്‍പത് മാസം കൊണ്ട് ബോയിങ് 777 നിരയിലും എട്ട് മാസം കൊണ്ട് എയര്‍ബസ് എ350 നിരയിലും എയര്‍ലൈന്‍ സ്റ്റാര്‍ലിങ്ക് സേവനം പൂര്‍ണ്ണമായി സജ്ജീകരിച്ചിരുന്നു.
ബോയിങ് 787 വിമാനങ്ങളിലെ പ്രവര്‍ത്തനം നിലവില്‍ 83 ശതമാനത്തിലധികം പൂര്‍ത്തിയായിട്ടുണ്ട്. 500 എം.ബി.പി.എസ് (Mbps) വരെ വേഗതയുള്ള സൗജന്യ വൈഫൈ ആണ് ഈ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ലഭിക്കുക. യാത്രക്കാര്‍ക്ക് വിമാനത്തിലിരുന്ന് തടസ്സമില്ലാതെ ജോലികള്‍ ചെയ്യാനും സ്ട്രീമിംഗ് സൗകര്യങ്ങള്‍ ഉപയോഗിക്കാനും സാധിക്കും. പ്രിവിലേജ് ക്ലബ് അംഗത്വത്തിലൂടെയോ രജിസ്‌ട്രേഷനിലൂടെയോ യാത്രക്കാര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കാരണം ചില വിമാനത്താവളങ്ങളില്‍ ഗേറ്റ്-ടു-ഗേറ്റ് കണക്റ്റിവിറ്റി ലഭ്യമായേക്കില്ല.
2024 ഒക്ടോബറില്‍ സേവനം ആരംഭിച്ചതിനു ശേഷം ഇതുവരെ 86,000-ത്തിലധികം സര്‍വീസുകളിലായി 2.3 കോടിയിലധികം (23 മില്യണ്‍) യാത്രക്കാര്‍ സ്റ്റാര്‍ലിങ്ക് വൈഫൈ ഉപയോഗിച്ചതായി കമ്പനി വ്യക്തമാക്കി. നിലവില്‍ ദിവസേന 323 സര്‍വീസുകളില്‍ ഖത്തര്‍ എയര്‍വേസ് ഈ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നുണ്ട്. ആറിലധികം വന്‍കരകളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ സൗജന്യ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് അവതരിപ്പിച്ച ആദ്യ വിമാനക്കമ്പനി കൂടിയാണ് ഖത്തര്‍ എയര്‍വേസ്.
Related News