ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യ. ഇറാന് മേല്‍ കൂടുതല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര ചര്‍ച്ചകള്‍ തന്നെയാണ് ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏദന്‍ ഉള്‍ക്കടലില്‍ ആയുധധാരികള്‍ പിടിച്ചെടുത്ത രണ്ട് വിദേശ കപ്പലുകളില്‍ 22 ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
വ്യാഴാഴ്ച ഏദന്‍ ഉള്‍ക്കടലില്‍ വെച്ച് ആക്രമിക്കപ്പെട്ട SIBU 1 എന്ന ടാങ്കര്‍ കപ്പലില്‍ 16 ഇന്ത്യന്‍ ജീവനക്കാരുണ്ടായിരുന്നു. ആയുധധാരികളായ അക്രമികള്‍ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സോമാലിയന്‍ തീരത്തേക്ക് ഗതി തിരിച്ചുവിടുകയുമായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് വിദേശ കപ്പലുകളിലായി യഥാക്രമം 16-ഉം 6-ഉം വീതം ഇന്ത്യന്‍ പൗരന്മാരുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി സംസാരിച്ചു വരികയാണെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ എല്ലാവരും നിലവില്‍ സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Related News