റിയാദ്: സൗദി അറേബ്യയെ മേഖലയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 'സൗദി വെയര്‍ഹൗസിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് എക്സ്പോ' സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ നടക്കും. വിഷന്‍ 2030-ന്റെ ഭാഗമായുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
ഗതാഗത, ലോജിസ്റ്റിക്‌സ് സേവന മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍-ജാസറിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മൂന്നാമത് എക്സ്പോ നടക്കുക. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, വിതരണക്കാര്‍, ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിന്‍ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ ഒത്തുചേരുന്ന മേളയില്‍ പുതിയ സാങ്കേതികവിദ്യകളും സഹകരണ സാധ്യതകളും ചര്‍ച്ച ചെയ്യും.
മേഖലയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും പ്രതിസന്ധികളും ആഗോള ഗതാഗത ശൃംഖലകളെ ബാധിച്ച പശ്ചാത്തലത്തില്‍, സൗദി അറേബ്യ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്ന് സംഘാടകരായ ഡി.എം.ജി ഇവന്റ്‌സ് വ്യക്തമാക്കി. നിര്‍ണായകമായ ഭൂമിശാസ്ത്രപരമായ സ്ഥാനം ഉപയോഗപ്പെടുത്തി ജി.സി.സി രാജ്യങ്ങളുമായും മറ്റ് പ്രാദേശിക വിപണികളുമായും മികച്ച ബന്ധം സ്ഥാപിക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
സൗദിയിലെ ഇ-കോമേഴ്സ് ലോജിസ്റ്റിക്സ് വിപണി 2027-ഓടെ ഇരട്ടിയാകുമെന്നാണ് പ്രവചനം. രാജ്യത്ത് ആസൂത്രണം ചെയ്ത 42 ലോജിസ്റ്റിക്‌സ് ഹബ്ബുകളില്‍ 25 എണ്ണം ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
മൂന്ന് ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ കാര്‍ഗോ ഹാന്‍ഡ്ലിംഗ്, കോള്‍ഡ് ചെയിന്‍, മള്‍ട്ടിമോഡല്‍ ട്രാന്‍സ്പോര്‍ട്ട്, പോര്‍ട്ട് സര്‍വീസുകള്‍, ലാസ്റ്റ്-മൈല്‍ ഡെലിവറി തുടങ്ങിയ മേഖലകളിലെ നൂതന ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കും. എക്സ്പോയോടൊപ്പം വ്യവസായ പ്രമുഖരും നയരൂപകര്‍ത്താക്കളും പങ്കടുക്കുന്ന 'വെയര്‍ഹൗസിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് സമ്മിറ്റും' നടക്കും.
Related News