വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനെ 'അമേരിക്കന്‍ ഭൂപ്രദേശം' എന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസുമായി കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വാഷിംഗ്ടണ്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ഇറാനെതിരെയുള്ള യു.എസിന്റെ പുതിയ ഉപരോധങ്ങള്‍ മറ്റ് എല്ലാ രാജ്യങ്ങള്‍ക്കും എതിരെയുള്ള 'യുദ്ധപ്രഖ്യാപനമാണെന്ന്' ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയിലെ സ്വതന്ത്ര അംഗരാജ്യങ്ങള്‍ക്ക് മേല്‍ സ്വന്തം പരമാധികാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഖായി കുറ്റപ്പെടുത്തി. യു.എസിന്റെ ഉപരോധങ്ങള്‍ ആരുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്നും ട്രംപിന്റെ ഉപരോധ ഭീഷണികളെ വിമര്‍ശിച്ചുകൊണ്ട് ചൈന വ്യക്തമാക്കി.
മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ, കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഇറാന്റെയും ഒമാന്റെയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. തന്ത്രപ്രധാനമായ ഈ ജലപാതയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഒമാന്‍ വിദേശകാര്യ മന്ത്രിയുമായും ചര്‍ച്ച നടത്തി.
യു.എസ് നടത്തുന്ന സാമ്പത്തിക ഉപരോധ നീക്കങ്ങള്‍ പരാജയപ്പെടാന്‍ മാത്രമുള്ളതാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. ഉപരോധങ്ങള്‍ മൂലം ഇറാന്റെ സമ്പദ്വ്യവസ്ഥയും സൈനിക ശക്തിയും ദുര്‍ബലപ്പെട്ടുവെന്ന് അവകാശപ്പെട്ട ട്രംപ്, വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും കൂട്ടിച്ചേര്‍ത്തു.
Related News