റിയാദ്: വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ തൃശൂര്‍ ചേലക്കര തോഴുപാടം സ്വദേശി അബ്ബാസ് (43) റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ ഇമാന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അല്‍ ഹിക്മ മെഡിക്കല്‍ കമ്പനി ജീവനക്കാരനായ ഇദ്ദേഹം മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. പരേതനായ മുഹമ്മദിന്റെയും നബീസയുടെയും മകനാണ്. ഭാര്യ: ആരിഫ. മക്കള്‍: അദ്നാന്‍, അഫ്നാന്‍. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു
അജ്മാന്‍: ഉമ്മുല്‍ ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം അടിമലത്തുറ സ്വദേശി ജൈസണ്‍ (35) മരണപ്പെട്ടു. തൊഴിലാളികളുമായി അജ്മാനില്‍ നിന്ന് ഉമ്മുല്‍ ഖുവൈനിലേക്ക് പോവുകയായിരുന്ന കമ്പനി വാഹനം ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
അപകട സമയത്ത് വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുന്നിരുന്ന ജൈസണെ ഉമ്മുല്‍ ഖുവൈന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്പനി സൂപ്പര്‍വൈസറായിരുന്ന ജൈസണ്‍ അടുത്തിടെയാണ് ഭാര്യ ലില്ലിയെ യു.എ.ഇയിലേക്ക് കൊണ്ടുവന്നത്. രണ്ടു ചെറിയ കുട്ടികളുണ്ട്. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു. അപകടത്തില്‍ പരിക്കേറ്റ മറ്റു തൊഴിലാളികള്‍ സുഖം പ്രാപിച്ചുവരുന്നു.
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ഒമാനില്‍ തുറവൂര്‍ സ്വദേശി മരിച്ചു
മസ്‌കത്ത്: ഒമാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ അനുഭവപ്പെട്ട ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ തുറവൂര്‍ സ്വദേശി ഷബീര്‍ ബഷീര്‍ (35) മരിച്ചു. അല്‍ ഹെയിലില്‍ വെള്ളിയാഴ്ച രാവിലെ നടന്ന മത്സരത്തില്‍ ജിഫ്നൈന്‍ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റനായി കളിക്കുന്നതിനിടെയാണ് ഷബീറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ 14 വര്‍ഷമായി ഒമാനില്‍ ഇലക്ട്രോമാന്‍ എല്‍.എല്‍.സിയില്‍ ജീവനക്കാരനായിരുന്ന ഷബീര്‍ ഭാര്യക്കും മകനുമൊപ്പമാണ് മസ്‌കത്തില്‍ താമസിച്ചിരുന്നത്. അപ്രതീക്ഷിത വിയോഗം കായികപ്രേമികളെയും പ്രവാസി സമൂഹത്തെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
ദുബായില്‍ മരിച്ച ആലപ്പുഴ സ്വദേശി ഷിന്‍ദാസിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും
ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായില്‍ മരണപ്പെട്ട ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിന്‍ദാസ് ശിവദാസിന്റെ മൃതദേഹം ഇന്ന് (വെള്ളി) നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 09.50-ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ അറേബ്യ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം നാളെ പുലര്‍ച്ചെ 3.25-ന് കൊച്ചിയിലെത്തും.
കഴിഞ്ഞ ഓഗസ്റ്റ് 9-നാണ് ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച് പത്ത് ദിവസമായിട്ടും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കുടുംബം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം വിഷയത്തില്‍ ഇടപെടുകയും ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയെയും ചുമതലപ്പെടുത്തുകയുമായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ ശിവദാസനാണ് പിതാവ്. പരേതയായ മധുബാലയാണ് മാതാവ്. ബി.എസ്.എഫ്. ഉദ്യോഗസ്ഥനായ ഷിംദാസ് ഏക സഹോദരനാണ്.
ഫോട്ടോ: അബ്ബാസ്, ജൈസണ്‍, ഷബീര്‍ ബഷീര്‍, ഷിന്‍ദാസ്.
Related News