ഗുരുഗ്രാം: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങ്ങിന് വീണ്ടും 21 ദിവസത്തെ പരോള്‍. ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ റാം റഹീം പോലീസ് അകമ്പടിയോടെ സിര്‍സയിലെ ദേര ആസ്ഥാനത്ത് എത്തി. ഒന്‍പത് വര്‍ഷത്തിനിടെ ലഭിക്കുന്ന 17ാമത്തെ പരോളാണ് ഇത്.
ഈ വര്‍ഷം മൂന്നാം തവണയാണ് റാം റഹീം ജയില്‍ മോചിതനാവുന്നത്. ജനുവരിയില്‍ 40 ദിവസവും മേയില്‍ 30 ദിവസവും പരോളിലായിരുന്ന അദ്ദേഹം ജൂണ്‍ 25നാണ് വീണ്ടും ജയിലില്‍ തിരിച്ചെത്തിയത്. രണ്ട് മാസം പിന്നിടും മുമ്പേ വീണ്ടും പരോള്‍ അനുവദിച്ചു.
2017ല്‍ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രത്യേക സി.ബി.ഐ കോടതി റാം റഹീമിനെ കുറ്റക്കാരനാക്കി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. റഞ്ജിത് സിങ് കൊലപാതക ഗൂഢാലോചനക്കേസിലും മാധ്യമപ്രവര്‍ത്തകന്‍ റാംചന്ദര്‍ ഛത്രപതി വധക്കേസിലും ലഭിച്ച ജീവപര്യന്തം ശിക്ഷകള്‍ പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഛത്രപതി വധക്കേസില്‍ വെറുതെവിട്ട നടപടി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അനുയായികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കിയെന്ന മറ്റൊരു കേസ് വിചാരണ ഘട്ടത്തിലാണ്.
2022ല്‍ ഹരിയാന സര്‍ക്കാര്‍ കൊണ്ടുവന്ന പ്രത്യേക നിയമം നിലവില്‍ വന്ന ശേഷമാണ് റാം റഹീമിന്റെ താല്‍ക്കാലിക മോചനങ്ങള്‍ വര്‍ധിച്ചതെന്ന് ആരോപണമുണ്ട്. എന്നാല്‍ നിയമം നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ വേണ്ടിയാണെന്നും നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ അനുവദിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
റാം റഹീമിന്റെ പല മോചനങ്ങളും തെരഞ്ഞെടുപ്പുകാലവുമായി അടുത്ത് വന്നതും വിവാദമായിരുന്നു. 2025ല്‍ മാത്രം 91 ദിവസവും അദ്ദേഹം ജയിലിന് പുറത്തായിരുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 450 ദിവസത്തിലേറെയാണ് അദ്ദേഹം താല്‍ക്കാലിക മോചനത്തില്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Related News