ന്യൂഡല്‍ഹി: സ്വയംപ്രഖ്യാപിത 'നരേന്ദ്ര മോഡി ഭക്തന്മാരായ' യോഗ ഗുരു ബാബാ രാംദേവും നടിയും എം.പിയുമായ കങ്കണ റണാവത്തും തമ്മിലുള്ള വാക് പോര് പുതിയ തലത്തിലേക്ക്. രാംദേവ് മര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചുവെന്നും സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട് അദ്ദേഹം തിരുത്തണമെന്നും കങ്കണ ആവശ്യപ്പെട്ടു.
സ്ത്രീയെക്കുറിച്ചുള്ള ബാബാ രാംദേവിന്റെ പരാമര്‍ശങ്ങള്‍ കാവി വസ്ത്രത്തിന്റെ അന്തസ്സിനെ് കളങ്കപ്പെടുത്തിയെന്നും സമൂഹത്തിന് അപമാനകരമാണെന്നും കങ്കണ ആരോപിച്ചു.
ജന്തര്‍ മന്ദറിലെ ജെന്‍ സി സമരത്തോടനുബന്ധിച്ചാണ് മോഡി ഭക്തര്‍ തമ്മിലടി തുടങ്ങിയത്. ജെന്‍ സിയെ അനുനയിപ്പിക്കുന്ന ബി.ജെ.പി സമീപനം മനസ്സിലാക്കിയാണ് രാംദേവ് പ്രതികരിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ നിലപാട് മാറ്റം മനസ്സിലാക്കാതെ കങ്കണ ജെന്‍ സിയെ ജനറേഷന്‍ ഗട്ടര്‍ (മാലിന്യത്തലമുറ) എന്ന് അപമാനിക്കുകയായിരുന്നു. ഇതിനെതിരെ രാംദേവ് രംഗത്തെത്തി. അത് കങ്കണയെ പ്രകോപിപ്പിക്കുകയും മോഡി ഭക്തര്‍ തമ്മില്‍ ഉരസുകയുമായിരുന്നു. യുവതലമുറയെ 'ജനറേഷന്‍ ഗട്ടര്‍' എന്ന് വിശേഷിപ്പിച്ച കങ്കണയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് ബാബാ രാംദേവും ഏറ്റുപിടിച്ചത് കങ്കണക്ക് രുചിച്ചില്ല. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് ശക്തമായത്.
ഇന്‍സ്റ്റഗ്രാമിലൂടെയും കങ്കണ രാംദേവിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ബാബാജി എന്റെ യുവത്വത്തെയും കിടപ്പുമുറിയെയും കുറിച്ച് ദിവാസ്വപ്നം കാണേണ്ടെന്ന് കങ്കണ തുറന്നടിച്ചു. തന്റെ വ്യക്തിത്വം രാംദേവിനേക്കാള്‍ മികച്ചതാണെന്നും തന്റെ സ്വഭാവത്തെക്കുറിച്ച് ഉപദേശം നല്‍കാന്‍ മാത്രം വ്യക്തിശുദ്ധിയുള്ള ആളല്ല രാംദേവെന്നും പരിഹസിച്ചു. പതാഞ്ജലി പരസ്യങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകള്‍ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു കങ്കണയുടെ വിമര്‍ശനം.
സ്വാമി രാംദേവ് ആരാണെന്നും രാജ്യത്തിന് നല്‍കിയ സംഭാവന എന്താണെന്നും ജനങ്ങള്‍ക്ക് അറിയാമെന്നും. അതിനാല്‍ കങ്കണയെപ്പോലുള്ള വ്യക്തികളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു രാംദേവിന്റെ മറുപടി. സുപ്രീം കോടതിയുടെ വിമര്‍ശനം നേരിട്ടവര്‍ സ്വഭാവശുദ്ധിയെക്കുറിച്ച് തനിക്ക് ക്ലാസെടുക്കേണ്ടെന്ന് കങ്കണ മറുപടി നല്‍കി.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും മുമ്പ് രാംദേവ് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ഭാവിയില്‍ സമാനമായ വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.
Related News