കാട്മണ്ഠു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വിനാശകരമായ മിന്നല്‍പ്രളയത്തിനിടെ ഒരു ഹെഡ്മാസ്റ്റര്‍ രക്ഷിച്ചത് ആയിരത്തോളം കുട്ടികളെ. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേന്ദ്ര ദവാഡിയുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് പ്രളയ ജലം സ്‌കൂളിനെ കവര്‍ന്നെടുക്കും മുമ്പെ കുട്ടികളെ രക്ഷിച്ചത്.
നുവാക്കോട്ട് ജില്ലയിലെ ത്രിഭുവന്‍ ത്രിശൂലി സെക്കന്‍ഡറി സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായ ദവാഡിക്ക് ഏതാനും മിനിറ്റുകള്‍ക്കിടെ തുടര്‍ച്ചയായി നാല് മുന്നറിയിപ്പുകളാണ് ലഭിച്ചത്. മലയോര മേഖലയിലെ ബെത്രാവതി ഗ്രാമത്തെ പ്രളയജലം ഇതിനകം വിഴുങ്ങിയെന്ന വിവരം ലഭിച്ചതോടെ ക്ലാസുകള്‍ ഉടന്‍ നിര്‍ത്തിവെച്ച് വിദ്യാര്‍ഥികളെ സുരക്ഷിതമായ ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റാന്‍ അദ്ദേഹം തീരുമാനിച്ചു.
1,600ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്ന് ഏകദേശം 900 പേരെ അടിയന്തരമായി ഒഴിപ്പിച്ചു. പിന്നീട് സ്‌കൂളിനോട് ചേര്‍ന്നുള്ള നദിക്കരയിലെ ഹോസ്റ്റല്‍ കെട്ടിടം പ്രളയജലത്തില്‍ ഒലിച്ചുപോകുന്നത് ദവാഡി നേരില്‍ കണ്ടു. 'പത്ത് മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ ഞങ്ങളാരും ഇന്ന് ജീവനോടെ ഉണ്ടാവില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
പ്രളയജലം സ്‌കൂള്‍ പരിസരത്തെത്തുന്നതിന് തൊട്ടുമുമ്പാണ് തങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതെന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥികളിലൊരാളായ 16കാരി യൂനിഷ ഓര്‍ത്തെടുത്തു.
മഞ്ഞുമലകള്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയമാണ് നേപ്പാളില്‍ വലിയ ദുരന്തത്തിന് കാരണമായത്. നൂറുകണക്കിന് ആളുകള്‍ മരണപ്പെടുകയും ആയിരക്കണക്കിന് പേരെ കാണാതാകുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ഗ്രാമങ്ങളും റോഡുകളും ജലവൈദ്യുത പദ്ധതികളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.
Related News