ബ്യൂണസ്ഐറിസ്: ലിയണല്‍ മെസ്സി അര്‍ജന്റീനയുടെ കുപ്പായം അഴിച്ചുവെച്ചതോടെ ചരിത്രം കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളുടെ സംഭവബഹുലമായ കരിയറിനാണ് തിരശ്ശീല വീണത്. രണ്ട് പതിറ്റാണ്ടിലേറെ അര്‍ജന്റീനയുടെ ജഴ്സിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ഫുട്ബോള്‍ ഇതിഹാസം ആരാധകര്‍ക്ക് സമ്മാനിച്ചത് എണ്ണമറ്റ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. 2005ലാണ് മെസ്സി അര്‍ജന്റീന കുപ്പായത്തില്‍ അരങ്ങേറിയത്. ഒരു ലോകകപ്പ് കിരീടത്തിലേക്കും രണ്ട് കോപ കിരീടത്തിലേക്കും ഒളിംപിക് സ്വര്‍ണത്തിലേക്കും ഫൈനലിസിമ വിജയത്തിലേക്കും മെസ്സി അര്‍ജന്റീനയെ നയിച്ചു. അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായി മെസ്സി തന്റെ സ്ഥാനം ഉറപ്പിച്ചു.
ലോകകപ്പ് സ്വപ്നസാഫല്യം
മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ നിമിഷം 2022 ഖത്തര്‍ ലോകകപ്പായിരുന്നു. ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് 36 വര്‍ഷത്തിന് ശേഷം അര്‍ജന്റീനയെ ലോകചാമ്പ്യന്മാരാക്കാന്‍ അദ്ദേഹം മുന്നില്‍ നിന്ന് നയിച്ചു. ഫൈനലില്‍ രണ്ട് ഗോളുകളും ഷൂട്ടൗട്ടില്‍ ആദ്യ പെനാല്‍റ്റിയും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട കിരീടമായിരുന്നു അത്.
റെക്കോര്‍ഡുകളുടെ പെരുമഴ
ഖത്തര്‍ ലോകകപ്പോടെ മെസ്സി വിരമിക്കുമെന്ന് കരുതിയെങ്കിലും ഒരു ലോകകപ്പില്‍ കൂടി മെസ്സി കളിച്ചു. ആ ലോകകപ്പില്‍ ഗോളുകളുടെ പെരുമഴ തീര്‍ത്ത് അര്‍ജന്റീനയെ ഫൈനല്‍ വരെ ചുമലിലേറ്റി. 39ാം വയസ്സിലും മികച്ച പ്രകടനം കാഴ്ചവെച്ച മെസ്സി 2026 ലോകകപ്പില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന നേട്ടം സ്വന്തമാക്കി. പിന്നീട് കിലിയന്‍ എംബാപ്പെ ആ റെക്കോര്‍ഡ് മറികടന്നെങ്കിലും മെസ്സിയുടെ പ്രകടനം ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായി മാറി. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ രണ്ട് അസിസ്റ്റുകള്‍ നല്‍കി ടീമിനെ ഫൈനലിലെത്തിച്ചതും ആരാധകര്‍ എന്നും ഓര്‍ക്കും.
നിരാശയുടെ വര്‍ഷങ്ങള്‍
2014 ലോകകപ്പ് ഫൈനലിലും 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിലും തോറ്റത് മെസ്സിയുടെ കരിയറിലെ വലിയ നിരാശകളായിരുന്നു. തുടര്‍ തോല്‍വികളില്‍ മനം നൊന്ത് 2016ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തിരിച്ചെത്തി തുടര്‍ച്ചയായി രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ലോകകപ്പും നേടി തന്റെ കരിയറിനെ പൂര്‍ണമാക്കി. തിരിച്ചുവരവിന്റെ ഏറ്റവും വലിയ മാതൃകകളിലൊന്നായാണ് ഈ യാത്ര വിലയിരുത്തപ്പെടുന്നത്.
ചരിത്രം ഓര്‍ക്കുന്ന ഇതിഹാസം
2005ലെ അരങ്ങേറ്റ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട യുവതാരത്തില്‍ നിന്ന് ലോകഫുട്ബോളിലെ ഏറ്റവും വലിയ പ്രതീകമായി വളര്‍ന്നതാണ് മെസ്സിയുടെ കഥ. ഡിയഗോ മറഡോണയ്ക്ക് ശേഷം അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച നായകന്‍, അനവധി റെക്കോര്‍ഡുകളുടെ ഉടമ, കോടിക്കണക്കിന് ആരാധകരുടെ പ്രചോദനം..ഇങ്ങനെ പല വിശേഷണങ്ങള്‍ക്കും അര്‍ഹനാണ് മെസ്സി. 2026 ലോകകപ്പില്‍ കിരീടം നേടാനായില്ലെങ്കിലും, അര്‍ജന്റീന ഫുട്ബോളിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് എക്കാലവും സുവര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെടും.
വഴിത്തിരിവായ ഗോള്‍
2022 ഖത്തര്‍ ലോകകപ്പില്‍ മെക്സിക്കോയ്ക്കെതിരായ ഗ്രൂപ്പ് മത്സരമാണ് അര്‍ജന്റീനയുടെ കിരീടയാത്രയിലെ ഏറ്റവും നിര്‍ണായക നിമിഷങ്ങളിലൊന്ന്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയില്‍ നിന്നേറ്റ തോല്‍വിക്ക് പിന്നാലെ പുറത്താകലിന്റെ വക്കിലായിരുന്ന അര്‍ജന്റീനയ്ക്ക് ഈ മത്സരം ജീവന്മരണ പോരാട്ടമായിരുന്നു. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെ ടീമിനും ആരാധകര്‍ക്കും ആശങ്ക വര്‍ധിച്ചു.
രണ്ടാം പകുതിയുടെ 64ാം മിനിറ്റില്‍ മെസ്സി ഇടതുകാലില്‍ നിന്നൊരു അതിമനോഹര ലോങ് റേഞ്ച് ഷോട്ടിലൂടെ ഗോള്‍ നേടി മത്സരത്തിന്റെ ഗതി മാറ്റി. ആ ഗോളിലൂടെ ആത്മവിശ്വാസം വീണ്ടെടുത്ത അര്‍ജന്റീന പിന്നീട് 2-0ന് വിജയം സ്വന്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയതും പിന്നീട് ലോകകിരീടത്തിലേക്കുള്ള യാത്രയ്ക്ക് അടിത്തറ പാകിയതും മെക്സിക്കോയ്ക്കെതിരായ മെസ്സിയുടെ ആ നിര്‍ണായക ഗോളായിരുന്നു.
ലോകകപ്പ് ഫൈനലിലെ വേദന
2014ല്‍ ബ്രസീലിലാണ് മെസ്സി ആദ്യമായി ലോകകപ്പില്‍ അര്‍ജന്റീനയെ നയിച്ചത്. ഫൈനലില്‍ കരുത്തരായ ജര്‍മ്മനിക്കെതിരെ അര്‍ജന്റീന ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും, അധികസമയത്ത് മാരിയോ ഗോട്സെ നേടിയ ഏക ഗോളില്‍ 1-0ന് പരാജയപ്പെടുകയായിരുന്നു. കിരീടം കൈവിട്ടെങ്കിലും ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത മികച്ച പ്രകടനത്തിന് മെസ്സിക്ക് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിച്ചു. ഏഴ് മത്സരങ്ങളില്‍ നാല് ഗോളുകളും ഒരു അസിസ്റ്റും.
28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം
2007, 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിലെ നിരാശകള്‍ക്ക് ശേഷം 2021ല്‍ മെസ്സി അര്‍ജന്റീനയുടെ നായകനായി ആദ്യമായി കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തി. റിയോ ഡി ജനീറോയിലെ ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ബ്രസീലിനെ 1-0ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന 28 വര്‍ഷത്തെ അന്താരാഷ്ട്ര കിരീടവരള്‍ച്ച അവസാനിപ്പിച്ചത്. ദേശീയ ടീമില്‍ നിന്ന് വിരമിക്കാന്‍ വരെ കാരണമായ തോല്‍വികളുടെ വേദനയെ വിജയത്തിന്റെ മധുരമാക്കി മാറ്റിയ നിമിഷമായിരുന്നു അത്.
ചുവപ്പ് കാര്‍ഡോടെ അരങ്ങേറ്റം
2005 ഓഗസ്റ്റ് 17ന് ഹംഗറിക്കെതിരായ സൗഹൃദ മത്സരത്തിലൂടെയാണ് 18കാരനായ മെസ്സി അര്‍ജന്റീന ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മെസ്സിക്ക് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ നേരിട്ടുള്ള ചുവപ്പ് കാര്‍ഡ് ലഭിച്ചു. തുടക്കം നിരാശാജനകമായിരുന്നെങ്കിലും, പിന്നീട് രണ്ട് പതിറ്റാണ്ടോളം നീണ്ട അസാമാന്യ പ്രകടനങ്ങളിലൂടെ ആ ഓര്‍മ്മയെ മെസ്സി ചരിത്രമാക്കി മാറ്റി.
പരിശീലകനായി മറഡോണ
2010 ലോകകപ്പില്‍ അര്‍ജന്റീനയുടെ പരിശീലകനായിരുന്നു ഇതിഹാസ താരം മറഡോണ. ലോകഫുട്ബോളിലെ രണ്ട് മഹാതാരങ്ങള്‍ ഒരേ ടീമില്‍ പരിശീലകനും നായകനുമായി ഒന്നിച്ച അപൂര്‍വ നിമിഷമായിരുന്നു അത്. ടൂര്‍ണമെന്റില്‍ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റ് പുറത്തായെങ്കിലും, മറഡോണയും മെസ്സിയും ഒരുമിച്ച് ലോകകപ്പില്‍ അര്‍ജന്റീനയെ നയിച്ച കാഴ്ച ആരാധകര്‍ക്ക് മറക്കാനാവാത്ത ഓര്‍മ്മയായി.
ഇംഗ്ലണ്ടിനെതിരെ ചരിത്രവിജയം
2026 ലോകകപ്പ് സെമിഫൈനലില്‍ പരമ്പരാഗത എതിരാളികളായ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച മത്സരം മെസ്സിയുടെ കരിയറിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നാണ്. രണ്ട് അസിസ്റ്റുകള്‍ നല്‍കി അര്‍ജന്റീനയുടെ തിരിച്ചുവരവ് വിജയത്തിന് മെസ്സി വഴിയൊരുക്കി. ഈ ജയത്തോടെ അര്‍ജന്റീനയെ വീണ്ടും ലോകകപ്പ് ഫൈനലിലെത്തിച്ചതിനൊപ്പം, ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് വിജയത്തിന്റെ കാര്യത്തില്‍ മറഡോണയുടെ നേട്ടത്തിനൊപ്പവും മെസ്സി എത്തി.
വൈകാരിക സമാപനം
2026 ലോകകപ്പ് ഫൈനലില്‍ സ്പെയിനിനോട് 1-0ന് പരാജയപ്പെട്ടതോടെയാണ് മെസ്സിയുടെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചത്. 120 മിനിറ്റിലേറെ നീണ്ട പോരാട്ടത്തില്‍ മെസ്സിക്ക് പന്ത് കിട്ടുന്നത് സ്പെയിന്‍ സമര്‍ഥമായി തടഞ്ഞതോടെ അര്‍ജന്റീന തീര്‍ത്തും നിരാശപ്പെടുത്തി. എന്നിരുന്നാലും, 39ാം വയസ്സിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ടീമിനെ ഫൈനലിലെത്തിച്ച മെസ്സിയുടെ അവസാന ലോകകപ്പ് പ്രകടനം ഫുട്ബോള്‍ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടും.