ദ ഹേഗ്: പാകിസ്താനുമായുള്ള സിന്ധു ജലകരാര്‍ ഇന്ത്യ പാലിക്കണമെന്നും, ജമ്മുകശ്മീരിലെ റാറ്റ്‌ലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കരുതെന്നും ദ ഹേഗിലെ അന്താരാഷ്ട്ര സ്ഥിരം മധ്യസ്ഥ കോടതി വിധിച്ചു.
കഴിഞ്ഞ വര്‍ഷം കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ആക്രമണത്തില്‍ പങ്കെടുത്തവരില്‍ രണ്ടുപേര്‍ പാകിസ്താന്‍ സ്വദേശികളാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ സിന്ധു ജലകരാര്‍ ഏകപക്ഷീയമായി സസ്‌പെന്‍ഡ് ചെയ്തതും കശ്മീരിലെ രണ്ട് ജലവൈദ്യുത പദ്ധതികളില്‍ ജലസംഭരണ ശേഷി വര്‍ധിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചതും. പാകിസ്താന്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
1960ല്‍ ഒപ്പുവെച്ച സിന്ധു ജലകരാര്‍ മൂന്ന് യുദ്ധങ്ങളും നിരവധി അതിര്‍ത്തി സംഘര്‍ഷങ്ങളും ഉണ്ടായിട്ടും ഇരു രാജ്യങ്ങളും പാലിച്ചിരുന്ന സുപ്രധാന കരാറാണ്. പാകിസ്താനിലെ കാര്‍ഷിക ഭൂമിയുടെ ഏകദേശം 80 ശതമാനത്തിനും ഈ കരാറിലൂടെ ലഭിക്കുന്ന ജലമാണ് പ്രധാന ആശ്രയം.
കരാര്‍ ഇപ്പോഴും പൂര്‍ണമായി പ്രാബല്യത്തിലാണെന്നും അത് റദ്ദാക്കാന്‍ ചെയ്യാന്‍ ഇന്ത്യയ്ക്ക് നിയമപരമായ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പടിഞ്ഞാറന്‍ നദികളിലെ ജലവൈദ്യുത പദ്ധതികളുടെ രൂപകല്‍പനയും പ്രവര്‍ത്തനവും കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, കോടതിയുടെ അധികാരം അംഗീകരിക്കുന്നില്ലെന്നും വിധി പൂര്‍ണമായും തള്ളിക്കളയുന്നു എന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ ഈ മധ്യസ്ഥ കോടതിക്ക് അധികാരമില്ലെന്നും, ഈ വിധി ഇന്ത്യയുടെ പദ്ധതികളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോകബാങ്ക് നിയമിച്ച നിഷ്പക്ഷ വിദഗ്ധന്‍ 2027 ജൂലൈയ്ക്കകം റാറ്റ്‌ലെ ഉള്‍പ്പെടെയുള്ള ജലവൈദ്യുത പദ്ധതികള്‍ കരാറിന് അനുസൃതമാണോയെന്ന് വിലയിരുത്തുമെന്നാണ് അന്താരാഷ്ട്ര കോടതി വിധി. അതുവരെ റാറ്റ്‌ലെ പദ്ധതിയിലെ അണക്കെട്ട് മതിലും വൈദ്യുതി സ്വീകരണ സംവിധാനവും നിശ്ചിത ഉയരത്തിന് മുകളില്‍ നിര്‍മിക്കരുതെന്നും കോടതി ഉത്തരവിട്ടു.
Related News