l o a d i n g

കായികം

യുഗാന്ത്യം; അര്‍ജന്റീന ജഴ്‌സിയില്‍ ഇനി ലയണല്‍ മെസ്സിയില്ല

മുനീര്‍ വാളക്കുട

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 1, 2026

പുല്‍മൈതാനങ്ങളില്‍ ഇടങ്കാല് കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറയുമ്പോള്‍, അതൊരു താരത്തിന്റെ വിരമിക്കല്‍ മാത്രമല്ല; മറിച്ച് ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും സുവര്‍ണ്ണമായ ഒരു യുഗത്തിന്റെ അസ്തമയം തന്നെയാണ്. രണ്ട് പതിറ്റാണ്ടിനപ്പുറം കാല്‍പ്പന്താരാധകരെ കോരിത്തരിപ്പിച്ച ആ മാന്ത്രികന്‍ നീലയും വെള്ളയും കലര്‍ന്ന ആ കുപ്പായം അഴിച്ചുവെക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ കണ്ണുകള്‍ ഈറനണിയുകയാണ്.

1987 ജൂണ്‍ 24-ന് അര്‍ജന്റീനയിലെ റൊസാരിയോ എന്ന വ്യവസായ നഗരത്തിലാണ് ലയണല്‍ മെസ്സിയുടെ ജനനം. ഒരു സ്റ്റീല്‍ ഫാക്ടറി തൊഴിലാളിയായ ജോര്‍ജ് ഹൊരാസിയോ മെസ്സിയുടെയും പാര്‍ട്ട് ടൈം ക്ലീനറായി ജോലി ചെയ്തിരുന്ന സെലിയ മരിയ കുച്ചിറ്റിനിയുടെയും നാലു മക്കളില്‍ മൂന്നാമനായിരുന്നു ലിയോ. ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു മെസ്സിയുടെ കുടുംബപശ്ചാത്തലം. എങ്കിലും വളരെ ചെറുപ്രായത്തില്‍ തന്നെ ലയണല്‍ മെസ്സിക്ക് ഫുട്‌ബോളിനോട് അടങ്ങാത്ത ആവേശമായിരുന്നു. അഞ്ചാം വയസ്സില്‍ തന്നെ റൊസാരിയോയിലെ പ്രാദേശിക ക്ലബ്ബായ ഗ്രാന്‍ഡോളിക്ക് വേണ്ടിയാണ് മെസ്സി ആദ്യമായി ബൂട്ട് കെട്ടുന്നത്. കുഞ്ഞു മെസ്സിയുടെ ഫുട്‌ബോളിനോടുള്ള ത്വര ആദ്യം തിരിച്ചറിഞ്ഞതും ഗ്രാന്‍ഡോളിയുടെ മത്സരങ്ങള്‍ക്കായി മെസ്സിയെ കൊണ്ടുപോയിരുന്നതും മുത്തശ്ശിയായ സെലിയ ഒലിവിയയായിരുന്നു.

എന്നാല്‍ പത്ത് വയസ്സ് പിന്നിട്ടപ്പോള്‍ മെസ്സിയെ കാത്തിരുന്നത് രണ്ട് ആഘാതങ്ങളായിരുന്നു. അതിലൊന്നായിരുന്നു പ്രിയപ്പെട്ട മുത്തശ്ശിയുടെ വേര്‍പാട്; തൊട്ടുപിന്നാലെ മെസ്സിക്ക് വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവും കണ്ടെത്തി. ശരീരത്തിന്റെ സ്വാഭാവിക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ഈ രോഗത്തിനുള്ള ചികിത്സ വളരെ ചെലവേറിയതായിരുന്നു. മാസംതോറും ആയിരക്കണക്കിന് ഡോളറുകള്‍ ഈ ചികിത്സക്ക് ആവശ്യമായിരുന്നു. ആ കാലത്ത് മെസ്സി കളിച്ചുകൊണ്ടിരുന്ന റൊസാരിയോയിലെ പ്രശസ്ത ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് പോലും ഭീമമായ തുക നല്‍കി മെസ്സിയെ സഹായിക്കാന്‍ തയ്യാറായില്ല. ഒരു പ്രതിഭയുടെ ഫുട്‌ബോള്‍ കരിയര്‍ അവിടെ അവസാനിച്ചുവെന്ന് എല്ലാവരും കരുതി. എന്നാല്‍ മെസ്സിയുടെ അസാധാരണമായ കളിശൈലിയെക്കുറിച്ച് അറിഞ്ഞ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കാര്‍ലെസ് റെക്‌സാച്ച് മെസ്സിയെ ട്രയല്‍സിനായി സ്‌പെയിനിലേക്ക് ക്ഷണിച്ചു. മെസ്സിയുടെ കളി കണ്ട റെക്‌സാച്ച് അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടു. ഈ കുട്ടിയെ കൈവിട്ടാല്‍ അത് ക്ലബ്ബ് ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി.

മറ്റൊരു പേപ്പറും കയ്യിലില്ലാത്തതിനാല്‍ കളിസ്ഥലത്തിനടുത്തുള്ള ഒരു റസ്റ്റോറന്റിലെ ടിഷ്യൂ പേപ്പറിലാണ് റെക്‌സാച്ച് മെസ്സിയുമായുള്ള ആദ്യ കരാര്‍ ഒപ്പിട്ടത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലപ്പെട്ട ആ ടിഷ്യൂ പേപ്പര്‍ മെസ്സിയുടെയും ബാഴ്‌സലോണയുടെയും ഗതി തന്നെ മാറ്റിമറിച്ചു. കാറ്റലോണിയന്‍ ക്ലബ്ബ് മെസ്സിയുടെ ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായും ഏറ്റെടുത്തു. തുടര്‍ന്ന് ബാഴ്‌സലോണയുടെ വിഖ്യാതമായ ലാ മാസിയ അക്കാദമിയില്‍ മെസ്സി വളര്‍ന്നു. അവിടെ അദ്ദേഹം ഇനിയിസ്റ്റ, ഫാബ്രിഗാസ്, ജെറാര്‍ഡ് പിക്വെ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം പയറ്റിത്തെളിഞ്ഞു.

2004-ല്‍, പതിനേഴാം വയസ്സില്‍ ബാഴ്‌സലോണയുടെ സീനിയര്‍ ടീമിനായി മെസ്സി അരങ്ങേറ്റം കുറിച്ചു. അവിടെ മുതല്‍ പിന്നീട് കണ്ടത് സംഭവബഹുലമായ ചരിത്രമാണ്. ബ്രസീലിന്റെ റൊണാള്‍ഡീഞ്ഞോ എന്ന ഇതിഹാസത്തില്‍ നിന്ന് ബാഴ്‌സലോണയുടെ പത്താം നമ്പര്‍ ജഴ്‌സി ഏറ്റുവാങ്ങിയ മെസ്സി ആ ക്ലബ്ബിനെ വിജയങ്ങളുടെ കൊടുമുടിയില്‍ എത്തിച്ചു. 10 ലാ ലിഗ കിരീടങ്ങള്‍, 4 യുവേഫ ചാമ്പ്യന്‍സ് ലീഗ്, 7 കോപ്പ ഡെല്‍ റേ, 8 സ്പാനിഷ് സൂപ്പര്‍ കപ്പ്, 3 ഫിഫ ക്ലബ്ബ് ലോകകപ്പ് തുടങ്ങിയവ ലയണല്‍ മെസ്സി ബാഴ്‌സലോണക്കായി നേടിക്കൊടുത്തു. ക്ലബ്ബിനായി 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകളാണ് മെസ്സി നേടിയത്. ബാഴ്‌സലോണയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും അദ്ദേഹമാണ്.

ക്ലബ്ബ് ഫുട്‌ബോളില്‍ വിജയങ്ങള്‍ നേടുമ്പോഴും സ്വന്തം രാജ്യമായ അര്‍ജന്റീനയുടെ കുപ്പായത്തില്‍ താരത്തിന് നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനങ്ങളും പരാജയങ്ങളുമായിരുന്നു. ഡീഗോ മറഡോണയുമായുള്ള നിരന്തരമായ താരതമ്യങ്ങള്‍ മെസ്സിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കി. ക്ലബ്ബിന് കളിക്കുന്നതിന്റെ പകുതിപോലും രാജ്യത്തിനായി കളിക്കുന്നില്ലെന്ന കടുത്ത വിമര്‍ശനവും അദ്ദേഹം കേട്ടു. 2014-ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍ വരെ എത്തിക്കാന്‍ മെസ്സിക്ക് കഴിഞ്ഞു. എന്നാല്‍ ഫൈനലില്‍ ജര്‍മനിയോട് അധികസമയത്ത് ഏറ്റുവാങ്ങിയ ഒരു ഗോളിന്റെ പരാജയം മെസ്സിയുടെ കരിയറിലെ വലിയ ദുരന്തമായി മാറി. ലോകകപ്പ് കിരീടത്തിന് അരികില്‍ നിന്നിട്ടും അത് കൈവിട്ടുപോയ മെസ്സിയുടെ മാധ്യമങ്ങള്‍ക്ക് നേര്‍ക്കുള്ള നോട്ടം ഏറെ വേദനാജനകമായിരുന്നു.

ദുരിതങ്ങള്‍ അതുകൊണ്ടും തീര്‍ന്നില്ല. 2015 കോപ്പ അമേരിക്ക ഫൈനലിലും, ആ ടൂര്‍ണമെന്റിന്റെ നൂറാം വാര്‍ഷികമായ 2016 കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്റീന ചിലിക്ക് മുമ്പില്‍ തകര്‍ന്നു. 2016-ലെ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെസ്സിയുടെ കിക്ക് പുറത്തുപോയത് അദ്ദേഹത്തെ തളര്‍ത്തി. കടുത്ത മാനസികവിഷമത്തെ തുടര്‍ന്ന് 29-ാം വയസ്സില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ആ തീരുമാനം ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. അര്‍ജന്റീനയുടെ വിവിധ നഗരങ്ങളിലെ തെരുവുകളില്‍ ജനങ്ങള്‍ മെസ്സിയുടെ തിരിച്ചുവരവിനായി പ്രകടനങ്ങള്‍ നടത്തി. ഒടുവില്‍ രാജ്യത്തോടുള്ള സ്‌നേഹത്തെ മുന്‍നിര്‍ത്തി അദ്ദേഹം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു.

ക്ഷമയോടെ കാത്തിരുന്നതിന് കാലം കാത്തുവെച്ച വലിയ സമ്മാനമായിരുന്നു മെസ്സിയുടെ കരിയറിന്റെ അവസാനഘട്ടം. 2021-ല്‍ ബ്രസീലില്‍ നടന്ന കോപ്പ അമേരിക്കയുടെ ഫൈനലില്‍ ബ്രസീലിനെ തന്നെ തകര്‍ത്ത് അര്‍ജന്റീന കിരീടം ചൂടിയപ്പോള്‍, അത് മെസ്സിയുടെ കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടമായി മാറി. 2022 ഖത്തര്‍ ലോകകപ്പില്‍ ആ ഇതിഹാസത്തിന്റെ പൂര്‍ണ്ണതയും ഫുട്‌ബോള്‍ ലോകം കണ്ടു. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റുകൊണ്ട് തുടങ്ങിയ അര്‍ജന്റീന പിന്നീട് തീയോട് തീ പടരുന്ന പോരാട്ടവീര്യമാണ് പുറത്തെടുത്തത്. മുന്നില്‍ നിന്ന് പടനയിച്ച നായകന്‍ ലയണല്‍ മെസ്സി ഓരോ മത്സരത്തിലും ഗോളുകളും അസിസ്റ്റുകളുമായി വിസ്മയം തീര്‍ത്തു.

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്റീന ലോകകിരീടം ചൂടി. ഫൈനലില്‍ ഇരട്ടഗോളുകള്‍ നേടിയ മെസ്സി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും സ്വന്തമാക്കി. ലോകകിരീടം കൈകളിലേന്തിനില്‍ക്കുന്ന ലയണല്‍ മെസ്സിയുടെ ചിത്രം ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലാണ് പ്രതിഷ്ഠിക്കപ്പെട്ടത്. അതോടെ ഫുട്‌ബോളില്‍ നിന്ന് നേടാന്‍ കഴിയുന്ന എല്ലാ കിരീടങ്ങളും പുരസ്‌കാരങ്ങളും നേടിയ ഏക താരം എന്ന പദവി ലയണല്‍ മെസ്സിക്ക് സ്വന്തമായി.

2026 ലോകകപ്പിന്റെ ഫൈനല്‍ വരെ അര്‍ജന്റീനയെ എത്തിക്കുന്നതിലും മെസ്സി നിര്‍ണായക പങ്കുവഹിച്ചു. പക്ഷേ സ്‌പെയിനിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞില്ല. 2022 ഫിനാലിസിമയില്‍ ഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന ജേതാക്കളായപ്പോഴും, 2024 കോപ്പ അമേരിക്കയില്‍ കൊളംബിയയെ തകര്‍ത്ത് ജേതാക്കളായതിലും മെസ്സിയുടെ പങ്ക് നിര്‍ണായകമായിരുന്നു. രാജ്യത്തിനായി 207 മത്സരങ്ങളില്‍ നിന്ന് 125 ഗോളുകളാണ് ഈ ഇതിഹാസം നേടിയത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പുരസ്‌കാരമായ ബാലണ്‍ ഡി ഓര്‍ എട്ടുതവണയാണ് ലയണല്‍ മെസ്സി സ്വന്തമാക്കിയത്.

ഒടുവില്‍ ആ സുദിനങ്ങള്‍ക്ക് തിരശ്ശീല വീഴുകയാണ്. കാലം അതിന്റെ വിരലുകള്‍ കൊണ്ട് പുല്‍മൈതാനങ്ങളിലെ ആ മാന്ത്രിക പ്രയാണത്തിന് വിരാമമിട്ടിരിക്കുന്നു. ലയണല്‍ മെസ്സി എന്ന കാല്‍പ്പന്തിന്റെ രാജകുമാരന്‍ അന്താരാഷ്ട്ര ഫുട്‌ബോളിന്റെ പടിയിറങ്ങുമ്പോള്‍ അത് കേവലമൊരു കരിയറിന്റെ അവസാനമല്ല; മറിച്ച്, കോടിക്കണക്കിന് മനുഷ്യര്‍ നെഞ്ചിലേറ്റിയ ഒരു സുന്ദരസ്വപ്നത്തിന്റെ അസ്തമയമാണ്. നീലയും വെള്ളയും കലര്‍ന്ന ആ പത്താം നമ്പര്‍ ജഴ്‌സി ഇനി അര്‍ജന്റീനയുടെ നിരകളില്‍ ചടുലമായി ചലിക്കുന്നത് കാണാനാകില്ലെന്ന സത്യം കാല്‍പ്പന്ത് പ്രേമികളുടെ ഉള്ളില്‍ ഒരു കനലായി അവശേഷിക്കും.

-മുനീര്‍ വാളക്കുട

Latest News

 ദേശീയഗാന മത്സരം:  ഗായിക അലീന വിജയകുമാറിനെ ആദരിച്ചു
ദേശീയഗാന മത്സരം: ഗായിക അലീന വിജയകുമാറിനെ ആദരിച്ചു
September 1, 2026
വര്‍ണാഭമായ പരിപാടികളോടെ റിയാദ് ടാക്കീസ്  ഓണാഘോഷം സംഘടിപ്പിച്ചു
വര്‍ണാഭമായ പരിപാടികളോടെ റിയാദ് ടാക്കീസ് ഓണാഘോഷം സംഘടിപ്പിച്ചു
September 1, 2026
മെസ്സി സമ്മാനിച്ച സുവര്‍ണ നിമിഷങ്ങള്‍
മെസ്സി സമ്മാനിച്ച സുവര്‍ണ നിമിഷങ്ങള്‍
September 1, 2026
കേരളത്തെ ആഗോള ടൂറിസം-വിജ്ഞാന-ആരോഗ്യ ഹബ്ബാക്കും: മുഖ്യമന്ത്രി വി. ഡി. സതീശന്‍
കേരളത്തെ ആഗോള ടൂറിസം-വിജ്ഞാന-ആരോഗ്യ ഹബ്ബാക്കും: മുഖ്യമന്ത്രി വി. ഡി. സതീശന്‍
September 1, 2026
യുഗാന്ത്യം; അര്‍ജന്റീന ജഴ്‌സിയില്‍ ഇനി ലയണല്‍ മെസ്സിയില്ല
യുഗാന്ത്യം; അര്‍ജന്റീന ജഴ്‌സിയില്‍ ഇനി ലയണല്‍ മെസ്സിയില്ല
September 1, 2026
വെളിമുക്ക് ആലുങ്ങൽ സ്വദേശി ജിസാനിലെ അൽ ഹറൈളയിൽ മരിച്ചു
വെളിമുക്ക് ആലുങ്ങൽ സ്വദേശി ജിസാനിലെ അൽ ഹറൈളയിൽ മരിച്ചു
August 31, 2026
സിന്ധു ജലകരാര്‍ പാലിക്കണമെന്ന്  മധ്യസ്ഥ കോടതി; വിധി തള്ളി ഇന്ത്യĺĺ
സിന്ധു ജലകരാര്‍ പാലിക്കണമെന്ന് മധ്യസ്ഥ കോടതി; വിധി തള്ളി ഇന്ത്യĺĺ
August 31, 2026
സോണിയയുടെ പുസ്തകത്തില്‍ എന്താണ്? ഉറ്റുനോക്കി ഇന്ത്യന്‍ രാഷ്ട്രീയം
സോണിയയുടെ പുസ്തകത്തില്‍ എന്താണ്? ഉറ്റുനോക്കി ഇന്ത്യന്‍ രാഷ്ട്രീയം
August 31, 2026
 ഫ്‌ലൈനാസ് കൊച്ചി - റിയാദ് സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍
ഫ്‌ലൈനാസ് കൊച്ചി - റിയാദ് സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍
August 31, 2026
ഒരു ഹെഡ്മാസ്റ്ററുടെ ഇടപെടല്‍, രക്ഷപ്പെട്ടത് ആയിരത്തോളം കുട്ടികള്‍
ഒരു ഹെഡ്മാസ്റ്ററുടെ ഇടപെടല്‍, രക്ഷപ്പെട്ടത് ആയിരത്തോളം കുട്ടികള്‍
August 31, 2026