ന്യൂദല്‍ഹി -ദല്‍ഹിയിലെ വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധന പൂര്‍ത്തിയായപ്പോള്‍ മൂന്നിലൊന്ന് പേരും പുറത്ത്. കരട് വോട്ടര്‍പട്ടികയില്‍ 47,56,722 പേരെ ഒഴിവാക്കി. ദല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി 97,53,577 വോട്ടര്‍മാരുടെ പേരുകളാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദേശം 33 ശതമാനം പേരെ ഒഴിവാക്കി. ശതമാനക്കണക്കില്‍ രാജ്യത്ത് ഏറ്റവുമധികം പേരെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ദല്‍ഹിയിലാണ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരല്ലാത്ത വലിയൊരു വിഭാഗം ജനങ്ങളുള്ളതിനാല്‍ വോട്ടര്‍പട്ടികയിലെ ഒഴിവാക്കല്‍ എണ്ണം ഉയര്‍ന്നതാകാമെന്നാണ് ഇതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്ന ന്യായീകരണം. എന്നാല്‍ കര്‍ണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. കര്‍ണാടകയില്‍ 4.46 കോടി വോട്ടര്‍മാരില്‍ 1.07 കോടി പേരുടെ പേരുകള്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, ഏതാണ്ട് നാലിലൊന്ന് പേരെ. ആന്ധ്രപ്രദേശില്‍ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 44.89 ലക്ഷമാണ്. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയുവില്‍ ആകെ വോട്ടര്‍മാരുടെ 30 ശതമാനം പേരും കരട് പട്ടികയില്‍ നിന്ന് പുറത്തായി.
കരട് പട്ടികയില്‍ നിന്ന് പേര് ഒഴിവായവര്‍ക്ക് വീണ്ടും ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 30 വരെ ആവശ്യമായ രേഖകളുമായി അപേക്ഷ നല്‍കാനാകും. ദല്‍ഹിയിലെ അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 4ന് പ്രസിദ്ധീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
പട്ടികയിലെ കൂട്ട ഒഴിവാക്കലിനെതിരെ മുന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തു വന്നു. കേന്ദ്ര സര്‍ക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആശങ്കകള്‍ തെറ്റായ ദിശയിലാണെന്നും വോട്ടര്‍പട്ടികയില്‍ നിന്ന് ഇത്രയധികം പേരുകള്‍ ഒഴിവാക്കുന്നത് ഗുരുതരമായ വിഷയമാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ഇങ്ങനെ പോയാല്‍ രാജ്യത്തെ 140 കോടിയെന്ന ജനസംഖ്യ തന്നെ 50 കോടിയായി കുറയുമെന്ന് കേജ്‌രിവാള്‍ പരിഹസിച്ചു.
Related News